ശ്രീനഗര്‍: കശ്മീരി ജനതയോട് ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി.ജനാധിപത്യത്തിന്റെ തരി പോലും ഈ നാട്ടില്‍ കാണാനില്ലെന്നും, ഈ നാട്ടിലെ ജനങ്ങള്‍ ഇവിടുത്തെ ഭരണത്തില്‍ സംതൃപ്തരല്ലെന്നും ഗിലാനി ആരോപിച്ചു.1996 മുതല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി വിഘടനവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ജമ്മു കശ്മീരില്‍ വിഘടനവാദി സംഘടനകളായ ജമാ അത്തെ ഇസ്ലാമി, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി വിഘടനവാദികള്‍ രംഗത്തെത്തിയത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് കശ്മീര്‍ വിഘടനവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കിയത്. നിരവധി വിഘടനവാദി നേതാക്കള്‍ക്ക് നല്‍കി വന്നിരുന്ന സുരക്ഷയും പിന്‍വലിച്ചിരുന്നു. തങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമായ സാഹചര്യത്തിലാണ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി വിഘടനവാദികള്‍ രംഗത്തെത്തിയത്.
മിര്‍വായിസ് ഉമര്‍ ഫറൂഖ്,അബ്ദുള്‍ ഗാനി ഭട്ട്,ബിലാല്‍ ലോണ്‍,ഹാഷീം ഖുറേഷി,ഷബീര്‍ ഷാ എന്നിവര്‍ക്കുള്ള സുരക്ഷയാണ് പിന്‍വലിച്ചത്.പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ പാകിസ്ഥാനെതിരായ സൈനിക നീക്കത്തിന് പിന്നാലെ എന്‍ഐഎ കശ്മീരിലെ വിഘടനവാദികളുടെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് രാജ്യവിരുദ്ധമായ രീതിയില്‍ നിരവധി രേഖകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
Post Your Comments