Latest NewsElection NewsIndia

ദേശീയ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു : പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : രാജ്യത്ത് ദേശീയ കോണ്‍ഗ്രസിന് ദയനീയ പരാജയം. സിറ്റിംഗ് മണ്ഡലമായ അമേഠിയില്‍ പോലും തിരിച്ചടിയേറ്റ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
പാര്‍ട്ടി ഇതുവരെ കണ്ടിട്ടില്ലാത്ത തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. 2014-ല്‍ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോണ്‍ഗ്രസ്. ഇത്തവണ എന്തായാലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ ഇനി എന്തു വേണമെന്ന് ചര്‍ച്ച ചെയ്യാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ വരെ പ്രതിപക്ഷ സഖ്യ ചര്‍ച്ചകള്‍ ദില്ലിയില്‍ സജീവമായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയിലേക്ക് കൂടുതല്‍ രാഷ്ട്രീയപാര്‍ട്ടികളെത്തി. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി, തെലുഗു ദേശം പാര്‍ട്ടി, ഇടതുപക്ഷം എന്നീ പാര്‍ട്ടികള്‍ കൂടി ചേര്‍ന്നുള്ള പുതിയ സഖ്യത്തിന്റെ പേര് സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) എന്നായിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ എന്‍ഡിഎക്ക് കേവലഭൂരിപക്ഷം കിട്ടാതിരുന്നാല്‍ രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കാനായിരുന്നു പ്രതിപക്ഷ പദ്ധതി.

പ്രതിപക്ഷ നേതൃപദവി കിട്ടുന്ന തരത്തിലെങ്കിലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇത്തവണയും നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍, 65 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നില്‍ നില്‍ക്കാനാകുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് കരുതപ്പെട്ടിരുന്ന ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലും ലോക്‌സഭയില്‍ കോണ്‍ഗ്രസ് നിലം തൊടുന്നില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടെണ്ണല്‍ തുടങ്ങി മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നിലാണ്.

അമേഠിയിലാകട്ടെ രാഹുലിന് ചിന്തിക്കാനാവാത്ത പരാജയമാണ് കാത്തിരിക്കുന്നത്. സ്മൃതി ഇറാനി കനത്ത മത്സരമാണിവിടെ കാഴ്ച വയ്ക്കുന്നത്. ഒരുപക്ഷേ, രാഹുല്‍ കേരളത്തില്‍ വന്ന് മത്സരിച്ചത് നന്നായെന്ന നിലയിലാണ് കാര്യങ്ങളിപ്പോള്‍. ഇല്ലെങ്കില്‍ ഇത്തവണ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഉണ്ടാകുമായിരുന്നില്ല. വോട്ട് നില ഇടിഞ്ഞുകൊണ്ടേയിരുന്ന കോണ്‍ഗ്രസിന് അമേഠിയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുകയെന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. സഹോദരി പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ച മണ്ഡലം കൂടിയാണ് അമേഠി. ആറ് തവണയാണ് രാഹുല്‍ ഇവിടെ പ്രചാരണം നടത്തിയതും.

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു അമേഠി. 1980-ല്‍ സഞ്ജയ് ഗാന്ധി മത്സരിച്ചത് മുതല്‍ഗാന്ധി കുടുംബത്തിന്റെ സ്ഥിരം സീറ്റ്. 1998-ല്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ മത്സരിച്ചപ്പോള്‍ മണ്ഡലം മറിച്ച് വോട്ട് നല്‍കി. അന്ന് ബിജെപി സ്ഥാനാത്ഥി ജയിച്ചു. അതൊഴികെ നാല് പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button