ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചു വന്നാല്‍ രാഹുല്‍ ഗാന്ധി ആയിരിക്കും ഉത്തരവാദിയെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ രാഹുലിനെതിരെ രൂക്ഷ വിമര്ശനമുയർത്തിയിരിക്കുന്നത് . യു.പിയില്‍ ബി.എസ്.പി-എസ്.പി സഖ്യത്തെയും കേരളത്തില്‍ ഇടതുമുന്നണിയേയും ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിനെയും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയേയും ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടാണ് രാഹുല്‍ സ്വീകരിച്ചതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ സഖ്യത്തിനുള്ള എ.എ.പിയുടെ ക്ഷണം കോണ്‍ഗ്രസ് തള്ളിയിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി.ജെ.പിയാണ് വിജയിച്ചത്. എന്നാല്‍ ഒരുമിച്ച് നിന്നാല്‍ എല്ലാ സീറ്റിലും എ.എ.പിക്കും കോണ്‍ഗ്രസിനും കൂടി ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടുണ്ട്. ഈ വസ്തുത നിലനില്‍ക്കെയാണ് സഖ്യത്തിനുള്ള എ.എ.പിയുടെ ക്ഷണം കോണ്‍ഗ്രസ് തള്ളിയതെന്നും കെജ്‌രിവാൾ പറഞ്ഞു. അതുകൊണ്ടുതന്നെ നരേന്ദ്ര മോദി അധികാരം നിലനിര്‍ത്തിയാല്‍ രാഹുല്‍ ഗാന്ധിയായിരിക്കും ഉത്തരവാദിയെന്നും കെജ്രിവാള്‍ പറഞ്ഞു.
മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ മത്സരിക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന്റെ നിലപാടുകള്‍. അവര്‍ ബി.ജെ.പിക്ക് എതിരെയല്ല മത്സരിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.മോദിയുടെ ദേശീയത കാപട്യമാണ്. അത് രാജ്യത്തിന് അപകടകരമാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ചെയ്ത കാര്യങ്ങളൊന്നും ചൂണ്ടിക്കാട്ടി വോട്ട് തേടാനില്ലാത്തത് കൊണ്ടാണ് മോദി സൈന്യത്തെ ദുരുപയോഗം ചെയ്ത് വോട്ട് തേടുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.മോദിയും അമിത് ഷായും അധികാരത്തില്‍ തിരിച്ചുവരുന്നത് തടയാനാണ് തങ്ങളും ശ്രമം.
ഇതിനായി ആര്‍ക്കും പിന്തുണ കൊടുക്കും. പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് മോഡിയേക്കാള്‍ വളരെ മികച്ച പ്രവര്‍ത്തനമായിരുന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതെ സമയം പഞ്ചാബിൽ ആകെ തകർന്നടിഞ്ഞ ആം ആദ്മി ഡൽഹിയിലും പരാജയപ്പെട്ടാൽ പാർട്ടിയുടെ നില നിൽപ്പ് തന്നെ അപകടത്തിലാകുമെന്നാണ് സൂചന.
Post Your Comments