ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി അസത്യം പറയുകയാണെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ തങ്ങള്‍ക്കെതിരെ ആരോപിക്കുകയാണെന്നും പറഞ്ഞുകൊണ്ട് റിലയന്‍സ് ഗ്രൂപ്പ് രംഗത്ത്. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ ലഭിച്ചെന്നും അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് വെളിപ്പെടുത്തി. അനില്‍ അംബാനി ചങ്ങാത്ത മുതലാളിത്തത്തിന്റെ(ക്രോണി ക്യാപിറ്റലിസം) വക്താവാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
‘ഞങ്ങളുടെ ചെയര്‍മാന്‍ അനില്‍ ഡി. അംബാനിയെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ക്രോണി ക്യാപിറ്റലിസ്റ്റെന്നും വഞ്ചകനായ ബിസിനസുകരനെന്നും വിശേഷിപ്പിക്കുന്നത്. ഇതെല്ലാം സത്യവിരുദ്ധമായ പ്രസ്താവനകളാണ്.’ റിലയന്‍സ് ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു.പി.എ. സര്‍ക്കാര്‍ അനില്‍ അംബാനി നയിച്ച റിലയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
വൈദ്യുതി, ടെലികോം, റോഡുകള്‍, മെട്രോ എന്നിങ്ങനെയുള്ള വികസന പദ്ധതികള്‍ക്ക് വേണ്ടിയാണ് റിലയന്‍സ് ഗ്രൂപ്പിന് കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും കരാറുകള്‍ ലഭിച്ചത്. യു.പി.എ. കാലഘട്ടത്തില്‍ കരാറുകള്‍ നല്‍കിക്കൊണ്ട് ഒരു വഞ്ചകനായ ‘ക്രോണി ക്യാപിറ്റലിസ്റ്റി’നെ സഹായിക്കുക ആയിരുന്നോ എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും റിലയന്‍സ് ഗ്രൂപ്പ് തങ്ങളുടെ പത്രക്കുറിപ്പില്‍ പറയുന്നു.
‘അംബാനിയെ പോലുള്ളവര്‍ ക്രോണി ക്യാപിറ്റലിസ്റ്റുകളാണ്. അനില്‍ അംബാനി, മെഹുല്‍ ചോക്‌സി, വിജയ് മല്ല്യ, നീരവ് മോദി എന്നിങ്ങനെയുള്ളവരെ സത്യന്ധരുടെ ഗണത്തില്‍പ്പെടുത്താന്‍ എനിക്കാവില്ല’. ഇങ്ങനെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം രാഹുല്‍ ഗാന്ധി അനില്‍ അംബാനിക്കെതിരായി സംസാരിച്ചിരുന്നു. റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തിലാണ് രാഹുല്‍ അംബാനിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത്.
Post Your Comments