ന്യൂദല്‍ഹി: അനായാസം ജയിച്ചു കയറിയിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് നേരിടുന്നത് കനത്ത പോരാട്ടം. രണ്ടു സീറ്റിലും കോണ്‍ഗ്രസും പ്രിയങ്കാ വാദ്രയും പതിനെട്ടടവും പയറ്റി. മണ്ഡലങ്ങള്‍ കൈവിട്ടു പോയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന തിരിച്ചറിവാണ് ഈ പോരാട്ടത്തിന് കാരണം.ഇതിനായി ഇടതു തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാക്കളെ അമേഠിയില്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു.
ഇന്നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. രാഹുലിന്റെ പ്രചാരണ ചുമതല പൂര്‍ണമായും ജെഎന്‍യുവിലെയും അലഹബാദ് സര്‍വകലാശാലയിലെയും ഐസ ഭാരവാഹികള്‍ക്കാണ്. ഐസ നേതാവ് ഷാനവാസ് ആലം ആണ് പ്രചാരണ ഏകോപനം നിര്‍വഹിക്കുന്നത്. നൂറിലേറെ ഐസ പ്രവര്‍ത്തകര്‍ അമേഠിയിലുണ്ട്. യുപിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അമേഠിയിലും റായ്ബറേലിയിലും വിന്യസിച്ചിട്ടാണ് ആഴ്ചകളായി കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ടു നീങ്ങുന്നതെന്നാണ് ബിജെപിയുടെ ആരോപണം .
ഇതാദ്യമായാണ് പ്രവര്‍ത്തനത്തിന് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ സഹായം അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് വേണ്ടിവരുന്നത്. കൂടാതെ രാജീവ് ഗാന്ധിയോട് തെറ്റിപ്പിരിഞ്ഞ, ഒരിക്കല്‍ പ്രിയങ്ക വഞ്ചകന്‍ എന്നു വിശേഷിപ്പിച്ച രാജീവിന്റെ അര്‍ദ്ധ സഹോദരന്‍ അരുണ്‍ നെഹ്‌റുവിന്റെ കുടുംബത്തെ വരെ റായ്ബറേലിയില്‍ പ്രിയങ്ക പ്രചാരണത്തിനിറക്കി.1980ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയാണ് സഹോദരപുത്രനായ അരുണ്‍ നെഹ്‌റുവിനെ റായ്ബറേലിയില്‍ മത്സരിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു ശേഷം 1984ലും അരുണ്‍ നെഹ്‌റു റായ്ബറേലിയില്‍ വിജയിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു.
എന്നാല്‍, ബോഫോഴ്‌സ് കുംഭകോണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ ഭിന്നതകള്‍ ഇരുവരെയും തെറ്റിച്ചു. 1989ല്‍ വി.പി സിങ് സര്‍ക്കാരിന്റെയും ഭാഗമായിരുന്നു അരുണ്‍ നെഹ്‌റു. 1999ല്‍ റായ്ബറേലിയില്‍ വീണ്ടും മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് സതീഷ് ശര്‍മ്മയെ. എന്നിട്ടും പോരാട്ടത്തിനിറങ്ങിയ അരുണ്‍ നെഹ്‌റുവിന്റെ രാഷ്ട്രീയഭാവി ഇല്ലാതായത് പ്രിയങ്കയുടെ ഒറ്റ വിശേഷണത്തിലാണ്.തന്റെ അച്ഛനെ പിന്നില്‍ നിന്ന് കുത്തിയയാളെ നിങ്ങള്‍ക്ക് വിജയിപ്പിക്കണമോ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
എന്നാല്‍ ഇത്തവണ അതേ പ്രിയങ്കയ്ക്ക് തന്നെ അരുണ്‍ നെഹ്‌റുവിന്റെ മകള്‍ അവന്തികയെ തേടിപ്പിടിച്ച് റായ്ബറേലിയില്‍ പ്രചാരണത്തിനിറക്കേണ്ടി വന്നു. റായ്ബറേലിയിലെ സരേനിയില്‍ ശനിയാഴ്ച പ്രചാരണ സമാപന സമ്മേളനത്തിലാണ് അവന്തികയെ പ്രിയങ്ക അവതരിപ്പിച്ചത്.
Post Your Comments