അമേഠി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് കുടുംബങ്ങൾ കുട്ടികളെ പ്രയങ്കയുടെ അടുത്തേക്ക് അയക്കരുതെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികള്‍ പ്രധാനമന്ത്രിക്കെതിരെ മോശവും അപമാനകരവുമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
‘അവര്‍ കുട്ടികളെ ചീത്തയാക്കും. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ അവര്‍ കുട്ടികളോട് ആവശ്യപ്പെട്ടു.രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. സംസ്‌കാരമുള്ള കുടുംബങ്ങള്‍ കുട്ടികളെ പ്രിയങ്കയുടെ അടുത്തേക്ക് അയക്കരുതെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്’. സ്മൃതി ഇറാനി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുന്നതിനിടെയാണ് കുട്ടികള്‍ മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. കാവല്ക്കാരന് കള്ളനെന്ന കോണ്‍ഗ്രസിന്റെ പ്രചാരണ വാചകത്തിനൊപ്പം കുട്ടികള്‍ അസഭ്യ പ്രയോഗവും നടത്തുകയായിരുന്നു. എന്നാല്‍, കുട്ടികള്‍ ഇത്തരം മോശം പദപ്രയോഗങ്ങള്‍ നടത്തരുതെന്നു പ്രിയങ്ക വിലക്കിയിരുന്നു. ഈ ഭാഗം ഒഴിവാക്കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി പ്രിയങ്കക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണെന്നും അതിനൊപ്പം ലഭിച്ച ദൃശ്യങ്ങളില്‍ കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷന്‍ കത്തില്‍ വ്യക്തമാക്കി.
Post Your Comments