ന്യൂഡല്‍ഹി: ഇരട്ട പൗരത്വം ആരോപിച്ച് രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജയറാം രമേശ്, മനു അഭിഷേക് സിംഗ് വി എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പ്രധാനമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. വിദേശ പൗരത്വവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടപടി. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ്.
നോട്ടീസില്‍ രാഷ്ട്രീയതാത്പര്യമില്ലെന്നും, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പ്രയിങ്കയും പ്രതികരിച്ചിരുന്നു. ബിജെപിയുടെ ആരോപണം അസംബന്ധമാണെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഡയറക്ടറായിരുന്ന ബ്രിട്ടീഷ് കമ്പനിയുടെ രേഖകളില്‍, രാഹുല്‍ ബ്രിട്ടീഷ് പൗരനെന്നാണ് കാണിച്ചിട്ടുള്ളതെന്നാണ് സ്വാമിയുടെ പരാതി. 2003ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പേര് ബാക്കപ്‌സ് ലിമിറ്റഡ്. രാഹുല്‍ അതിന്റെ ഡയറക്ടറും സെക്രട്ടറിയുമായിരുന്നുവെന്ന് സ്വാമി വാദിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ പൗരത്വ വിഭാഗ ചുമതലയുള്ള ഡയറക്ടര്‍ ബി.സി ജോഷിയാണ് രാഹുലിന് നോട്ടീസ് നല്‍കിയത്.
Post Your Comments