പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതല്ലെന്നും ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാലാണു അതിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളഞ്ഞതെന്നും പൊലീസ് വിശദീകരണം. അതിനു ശേഷം ആ ഉദ്യോഗസ്ഥനു മറ്റൊരു തോക്ക് പകരം നല്‍കി. കൊല്ലം എആര്‍ ക്യാംപിലെ പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കാണു പ്രവര്‍ത്തിക്കാതിരുന്നത്.
സാധാരണ വിവിഐപി ഡ്യൂട്ടിക്കു നിയോഗിക്കുന്ന പൊലീസുകാരുടെ കൈവശമുള്ള തോക്ക് നേരത്തെ പരിശോധിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ വേദിക്കരികില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ പിസ്റ്റള്‍ അത്തരത്തില്‍ പരിശോധിച്ചപ്പോള്‍ അതിലെ കാഞ്ചി വലിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.തുടര്‍ന്നു മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നുവെന്നു ദക്ഷിണമേഖലാ എഡിജിപി: മനോജ് ഏബ്രഹാം പറഞ്ഞു.
പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പായിരുന്നു സംഭവം.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ വിജയ് സങ്കല്പില്‍ പങ്കെടുക്കാനാനിരിക്കെയായിരുന്നു സംഭവം. അതിനു ശേഷം ഡ്യൂട്ടി പൂര്‍ത്തിയാക്കിയാണു പൊലീസുകാരന്‍ മടങ്ങിയത്. ഇതു സംബന്ധിച്ചു പൊലീസില്‍ ഒരുതരത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments