തിരുവനന്തപുരം: ശബരിമല കര്‍മസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല കര്‍മസമിതി ആട്ടിന്‍തോലിട്ട ചെന്നായ ആണെന്നും ആര്‍എസ്എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കര്മസമിതിയെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ് ശബരിമല സംബന്ധിച്ച കേസ് സുപ്രീംകോടതി വരെ എത്തിച്ചത്. ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയതെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കണം.
വയനാട്ടില്‍ മത്സരിക്കാതെ രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ കഴിയുമോ എന്നുള്ള ബിജെപി നേതാക്കളുടെ ചോദ്യം അപഹാസ്യമാണ്. മതനിരപേക്ഷമായി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലുള്ളത്. മോദിയുടെ വര്ഗീയകളി ഇവിടെ ചിലവാകില്ലെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി മോദി പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ജനങ്ങളെ അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
Post Your Comments