ഡൽഹി : ബിഎസ്പി നേതാവ് മായാവതി സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വിവാദ പ്രസംഗം നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിരുന്നു. നാൽപത്തിയെട്ട് മണിക്കൂർ പ്രചാരണം നിർത്തി വെക്കണം എന്നായിരുന്നു മായാവതി നേരിട്ട അച്ചടക്ക നടപടി. ഇതിനെതിരെയാണ് മായാവതി കോടതിയിൽ ഹർജി സമർപ്പിച്ചത്.
മായാവതിക്കെതിരെ സ്വീകരിച്ച നടപടിയിൽ തൃപ്തിയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പല അവസരങ്ങളിൽ പ്രചാരണത്തിൽ നിന്നും രാഷ്ട്രീയ നേതാക്കളെ വിലക്കിയിട്ടുണ്ടെന്ന് മായാവതിയുടെ ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ടിരുന്നു. മൂന്ന് ദിവസത്തേയ്ക്കാണ് യോഗിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കിയത്. കമ്മീഷന്റെ നടപടികൾ കോടതി ശരിവെച്ചിരുന്നു . നടപടികളിൽ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. അസംഖാൻ, മനേകാ ഗാന്ധി എന്നിവർക്കെതിരെയുള്ള നടപടികളും കോടതി ശരിവെച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചവർക്കെതിരെ ശക്തമായ നടപടി തുടരണമെന്നും കോടതി നിർദ്ദേശിച്ചു.
Post Your Comments