പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകാന്‍ എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി തയ്യാറായതായി വിവരം.
വാരാണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായിരിക്കും അന്തിമതീരുമാനമെടുക്കുന്നത്. വാരാണസിയില്‍ മോദിക്കെതിരെ ഇതുവരെ പ്രബല സ്ഥാനാര്‍ത്ഥിയായി ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. വാരാണസിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് എസ്പി ബിഎസ്പി സഖ്യവും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
വാരണാസിയില്‍ പ്രിയങ്ക നില്‍ക്കുകയാണെങ്കില്‍ എസ്പി ബിഎസ്പി പിന്തുണ തേടാനുള്ള നീക്കത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് ഘടകം. മോദിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തയായ നേതാവെത്തുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ്. വാരാണസിയില്‍ മത്സരം മോദിയും പ്രിയങ്കയും തമ്മിലായാല്‍ തീ പാറുമെന്നുറപ്പ്. മാത്രമല്ല 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമാകുന്ന മണ്ഡലമായി വാരാണസി മാറുകയും ചെയ്യും.
അതേസമയം ഇത്തവണ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്നും പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചാല്‍ മതിയെന്നും എഐസിസിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. 2022 ല്‍ യുപിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമാണ് പ്രധാനമായും പ്രിയങ്കയെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
Post Your Comments