കാഞ്ഞങ്ങാട്: രാജ്യത്തിന്റെ പുരോഗതിയ്ക്ക് അധികാരത്തില്‍ വരേണ്ട സര്‍ക്കാറിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുപാട് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ പിടിപ്പുകേട് മുതലെടുത്താണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ യു പി എ ഭരണത്തിന്റെ തുടര്‍ച്ചയാണ് മോദി സര്‍ക്കാറെന്നും പിണറായി ആരോപിച്ചു. നോര്‍ത്ത് കോട്ടച്ചേരിയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് സര്‍ക്കാര്‍ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത വികസന പ്രവര്‍ത്തികളാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 2020ഓടെ ദേശീയപാതയും, കോവളം-ബേക്കല്‍ ജലപാതയും പാചകവാതക പൈപ്പ് ലൈനും യാഥാര്‍ത്ഥ്യമാക്കും. തീരദേശ, മലയോര ദേശീയപാത നിര്‍മ്മാണവും പുരോഗമിക്കുകയാണ്. പൊതുവിദ്യാഭ്യാസ രംഗം ഇത്രമേല്‍ മെച്ചപ്പെട്ട മറ്റൊരു നാളുകള്‍ ഉണ്ടായിരുന്നിട്ടില്ല. 3,41,000 കുട്ടികളാണ് പുതുതായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയത്. 600 രൂപയുണ്ടായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ 1200 രൂപയാക്കി ഉയര്‍ത്തുകയും ചെയ്‌തെന്നും പിണറായി പറഞ്ഞു.
സ്വന്തം നേതാക്കളെ വര്‍ഗീയ ക്യാമ്പില്‍ എത്തിച്ചുകൊണ്ടിരിക്കുന്ന ജോലിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
Post Your Comments