KeralaLatest NewsElection NewsIndiaElection 2019

വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനെതിരെ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് വീട്ടുകാർ

കോട്ടയം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കുന്ന അപരന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. എരുമേലി സ്വദേശിയായ കെഇ രാഹുല്‍ ഗാന്ധി പത്രികാ സമര്‍പ്പണത്തിന് ശേഷം വീട്ടുകാരുമായി പോലും ബന്ധപ്പെട്ടിട്ടില്ല. നാടന്‍പാട്ടുകലാകാരനയ കെഇ രാഹുല്‍ഗാന്ധി ആലപ്പുഴയില്‍ പരിപാടിയുണ്ടെന്ന് പറഞ്ഞ് ചൊവ്വാഴ്ച പോയതാണ്. പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് ഭാര്യ നല്‍കുന്ന വിവരം. ഇടയ്ക്ക് സുഖമെന്ന വാട്‌സ്‌ആപ് സന്ദേശം മാത്രമാണ് ലഭിച്ചത്. കാര്യവട്ടം ക്യാമ്പസില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാര്യയെയും മകനെയും എരുമേലിയില്‍ കൊണ്ടുവിട്ട ശേഷമാണ് പത്രിക നല്‍കാന്‍ പോയത്.

അപരന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ വാര്‍ത്തയായതോടെ കാണാതായതില്‍ ഭാര്യക്ക് ആശങ്കയുണ്ട്.അപരനായി പത്രിക നല്‍കുന്ന കാര്യം ഭാര്യയോട് പോലും പറഞ്ഞിട്ടില്ലായിരുന്നു. വാര്‍ത്ത വന്നപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. രാഹുല്‍ കൊച്ചാപ്പി എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹത്തിന്റ യഥാര്‍ത്ഥ പേര് രാഹുല്‍ഗാന്ധിയെന്നാണെന്ന് സുഹൃത്തുക്കളൊക്കെ അറിയുന്നത് ഇപ്പോഴാണ്.കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അച്ഛന്‍ ഇളയാനിത്തോട്ടത്തില്‍ കുഞ്ഞുമോന്‍, ഗാന്ധി കുടുംബത്തോടുള്ള സ്‌നേഹം മൂത്താണ് മക്കള്‍ക്ക് രാഹുല്‍ഗാന്ധിയെന്നും രാഹുലിന്റെ അനുജന് രാജീവ് ഗാന്ധിയെന്നും പേരിട്ടത്.

എന്നാല്‍ മക്കള്‍ വളര്‍ന്നപ്പോള്‍ കടുത്ത ഇടത് പക്ഷ അനുകൂലികളായി മാറി. രാഹുല്‍ സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകനും കലാ സാംസ്‌കാരിക രംഗങ്ങളില്‍ നാട്ടില്‍ ശ്രദ്ധേയമാവുകയും ഇടത് യുവജന സംഘടനയുടെ മേഖലാ ഭാരവാഹിയുമാണ്.നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച്‌ നാട്ടില്‍ താരമായതോടെ എരുമേലി മുട്ടപ്പള്ളിയിലെ വീട്ടില്‍ അപരനെ അന്വേഷിച്ച്‌ പലരും എത്തിയെങ്കിലും ആളിനെ കാണാനായിട്ടില്ല. നാടന്‍പാട്ട് കലാകാരനുള്ള സംസ്ഥാന സര്‍ക്കാരിന്റ അവാര്‍ഡ് നേടിയ രാഹുല്‍ ഇപ്പോള്‍ അപരനായും നാട്ടില്‍ താരമായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button