തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെ അഭിനന്ദിച്ച എ പി അബ്ദുള്ള കുട്ടിയോട് വിശദീകരണം തേടാൻ കെപിസിസി തീരുമാനിച്ചു. അബ്ദുള്ളക്കുട്ടിക്ക് എതിരായി കണ്ണൂർ ഡിസിസി കെപിസിസി യ്ക്ക് പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ആലപ്പുഴയിലെ പരാജയത്തെ കുറിച്ച് പഠിക്കാനും കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കും. സമിതി അംഗങ്ങൾ ആരൊക്കെയെന്ന് തീരുമാനിക്കാന്‍ കെപിസിസി പ്രസിഡന്‍റിനെ നേതൃയോഗം ചുമതലപ്പെടുത്തി. എന്നാൽ നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പങ്കെടുക്കാൻ ആലപ്പുഴയില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ എത്തിയില്ല. നോമ്പ് കാരണമാണ് വരാത്തതെന്നാണ് വിശദീകരണമെങ്കിലും തോല്‍വിയുടെ പശ്ചാത്തലത്തിൽ ഷാനിമോൾ വിട്ടുനിൽക്കുകയാണെന്നാണ് സൂചന. എ ഐ സി സി അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന പ്രമേയവും കെപിസിസി പാസാക്കി.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നും ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും അബ്‌ദുള്ളക്കുട്ടി ഫേസ്ബുക് കുറിപ്പിൽ പറയുന്നുണ്ട്.
Post Your Comments