ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതും കാത്ത് കര്‍ണാടക സംസ്ഥാന രാഷ്‌ട്രീയത്തില്‍ നെഞ്ചിടിക്കുന്നത് മൂന്നു പേര്‍ക്കാണ്. ഇരുപത്തിയെട്ട് ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകത്തില്‍. അതില്‍ പതിനഞ്ച് സീറ്റെങ്കിലും പിടിക്കാനായാല്‍ എച്ച്.ഡി. കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്കസേരയില്‍ തുടരാം. അതില്‍ക്കുറഞ്ഞാല്‍ കോണ്‍ഗ്രസ് പാലം വലിക്കുമെന്ന് തീര്‍ച്ച. കുമാരസ്വാമിയുടെ ഗ്യാലറിയിലിരിക്കുന്ന ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കു തന്നെ കൂറ് കോണ്‍ഗ്രസിനോടാണ്. പതിനഞ്ചു സീറ്റ് കിട്ടിയില്ലെങ്കില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യം തന്നെ തകര്‍ന്നുപോകും.
അതു തന്നെയാണ് പ്രതിപക്ഷ ബെഞ്ചിലിരുന്ന് ബി.ജെ.പി പ്രാര്‍ത്ഥിക്കുന്നതും. നേരത്തേ തന്നെ കുമാരസ്വാമിയെ കുരുക്കിലാക്കാന്‍ നോക്കിയിരുന്ന പാര്‍ട്ടി എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. മകന്‍ നിഖില്‍ മത്സരിക്കുന്ന മാണ്ഡ്യയില്‍ മാത്രമാണ് കുമാരസ്വാമിയുടെ ശ്രദ്ധയെന്നാണ് പ്രധാന ആക്ഷേപം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ 17 സീറ്റു നേടിയ ബി.ജെ.പിക്ക് ഇത്തവണ സീറ്റ് കുറഞ്ഞാല്‍ സ്വാഭാവികമായും സംസ്ഥാന നേതാവ് ബി.എസ്. യെദ്യൂരപ്പയെയും ബാധിക്കും. സ്ഥിതി മെച്ചപ്പെടുത്തിയാല്‍, ലിംഗായദത്ത് സമുദായത്തിലെ കരുത്തനായ നേതാവിന് മുഖ്യമന്ത്രിക്കസേരയില്‍ ഒരു മൂന്നാമൂഴം കൂടി പ്രതീക്ഷിക്കാം.
കുമാരസ്വാമി സര്‍ക്കാരിന് ഒരു വയസ്സേയുള്ളൂ. നിയമസഭയ്‌ക്ക് നാലു വര്‍ഷം കൂടി കാലാവധിയുണ്ടെന്ന് ചുരുക്കം. ആ നാലുവര്‍ഷക്കണക്ക് മനസ്സിലിട്ടാണ്, താന്‍ 2023 വരെ സജീവ രാഷ്‌ട്രീയത്തിലുണ്ടാകുമെന്ന് യെദ്യൂരപ്പ ഇടയ്‌ക്കിടെ പറയുന്നത്. മുഖ്യമന്ത്രിയായി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയെന്നതാണ് യെദിയൂരപ്പയുടെ ലക്ഷ്യമെന്നാണ് സൂചന. അതെ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായാല്‍ സ്വാഭാവികമായും കുമാരസ്വാമി ഒഴിഞ്ഞ് സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയിലെത്തും.
ദേശീയ നേതൃത്വത്തിനും അതുതന്നെ താത്പര്യം. ഏതിനും ആദ്യം തിരഞ്ഞെടുപ്പു ഫലം വരണം. 225 കര്‍ണാടക നിയമസഭയില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യത്തിന് 116 സീറ്റുണ്ട്. കോണ്‍ഗ്രസ് 78, ജെ.ഡി.എസ് 37, ബി.എസ്.പി- ഒന്ന്. മറുപക്ഷത്ത് 104 ആണ് ഉള്ളത്.
Post Your Comments