കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നില്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കണ്ണൂര്‍ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 19ാം ബൂത്തിലെ ദൃശ്യങ്ങളാണു കോണ്‍ഗ്രസ് പുറത്തുവിട്ടത്. പയ്യന്നൂര്‍ 136ാം നമ്പര്‍ ബൂത്തിലും തൃക്കരിപ്പൂര്‍ 48ാം നമ്പര്‍ ബൂത്തിലും ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തല്‍സമയ വെബ് കാസ്റ്റിങ് വിഡിയോകളാണിത്. ആരോപണം അന്വേഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. റീപോളിങ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരുടേതും കള്ളവോട്ട് അല്ലെന്ന വിശദീകരണവുമായാണ് ഇപ്പോള്‍ സിപിഎമ്മും രംഗത്തെത്തിയിരിക്കുന്നത്.
പിലാത്തറ എയുപി സ്‌കൂളില്‍ പ്രവര്‍ത്തിച്ച 19ാം നമ്പര്‍ ബൂത്തില്‍ വോട്ടില്ലാത്ത സിപിഎം പ്രാദേശിക നേതാക്കളും പഞ്ചായത്ത് അംഗവും ബൂത്തിലെത്തിയത് ഓപ്പണ്‍ വോട്ടുചെയ്യാനാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സിപിഎം കള്ളവോട്ട് ചെയ്യാറില്ല. കല്യാശേരി 17ാം നമ്പര്‍ ബൂത്തിലെ 822ാം നമ്പര്‍ വോട്ടറും ചെറുതാഴം പഞ്ചായത്ത് അംഗവുമായ എം.വി. സലീന സ്വന്തം വോട്ടിനു പുറമെ 19ാം നമ്പര്‍ ബൂത്തിലെ 29ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പണ്‍ വോട്ട് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.ഒരേ കെട്ടിടത്തിലാണ് 2 ബൂത്തുകളും പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് മുന്‍ അംഗമായ കെ.പി. സുമയ്യ കല്യാശ്ശേരി മണ്ഡലത്തിലെ 24ാം നമ്പര്‍ ബൂത്തിലെ 315ാം നമ്പര്‍ വോട്ടറാണ്. ഇവര്‍ പിലാത്തറ യുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലെ ഏജന്റുമായിരുന്നു. ഈ ബൂത്തിലെ 301ാം നമ്പര്‍ വോട്ടറായ സി. ശാന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരുടെ ഓപ്പണ്‍ വോട്ട് ചെയ്തത്.
കല്യാശ്ശേരി മണ്ഡലത്തിലെ 19ാം നമ്പര്‍ ബൂത്ത് എജന്റാണ് മൂലക്കാരന്‍ കൃഷ്ണന്‍. ഈ ബൂത്തിലെ 189ാം നമ്പര്‍ വോട്ടറായ കൃഷ്ണന്റെ ആവശ്യത്തെ തുടര്‍ന്ന് മൂലക്കാരന്‍ കൃഷ്ണനും ഓപ്പണ്‍ വോട്ട് ചെയ്തു. 994ാം നമ്പര്‍ വോട്ടറായ ഡോ: കാര്‍ത്തികേയനു വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പ്രയാസമായതിനാല്‍ പ്രിസൈഡിങ് ഓഫിസറെ അറിയിക്കുന്നതിനാണ് പിലാത്തറ പട്ടണത്തിലെ വ്യാപാരിയായ കെ.സി. രഘുനാഥ് ബൂത്തിന്റെ കതകിനു സമീപം പോയത്. ഓപ്പണ്‍ വോട്ടു ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണോ അവര്‍ അടുത്തുണ്ടാകണം എന്ന ചട്ടം ചൂണ്ടിക്കാട്ടിയപ്പോള്‍ വോട്ടര്‍ അടുത്തുണ്ടെന്നും ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചതാണെന്നുമായിരുന്നു ജയരാജന്റെ മറുപടി. കൂടാതെ കല്യാശ്ശേരി മണ്ഡലത്തിലെ 19ാം നമ്പര്‍ ബൂത്തിലെ 774ാം നമ്പര്‍ വോട്ടറായ പത്മിനി 2 തവണ വോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇവര്‍ ആരുടെയെങ്കിലും ഓപ്പണ്‍ വോട്ട് ചെയ്യാന്‍ എത്തിയതാണോ എന്ന ചോദ്യത്തിന് എം.വി. ജയരാജന്‍ കൃത്യമായി മറുപടി പറഞ്ഞില്ല. 2 തവണയും മഷി പുരട്ടിയ ഉടന്‍ ഇവര്‍ മായ്ക്കാന്‍ ശ്രമിച്ചതു സംബന്ധിച്ച ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും സിപിഎം അനുകൂലിക്കുന്നില്ലെന്നായിരുന്നു മറുപടി.
Post Your Comments