തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ സംസ്‌കാരത്തിനു മാതൃകയാവുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ . തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഭിച്ച ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം തുണിത്തരങ്ങൾ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് കുമ്മനം . തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഈ തീരുമാനം അറിയിച്ചത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം തുണിത്തരങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. അവ മുഴുവൻ നഷ്ടപ്പെടാതെ ആദരപൂർവ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയെ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റി വീണ്ടും ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ അവ തരം തിരിച്ചു വരികയാണ്. താമസിയാതെ തുണി സഞ്ചി, തലയിണ കവർ തുടങ്ങിയവ തയ്ക്കുന്നതിനു ഉദ്ദേശിക്കുന്നു.
ഇലക്ഷൻ കാലത്ത് പ്രചാരണാർഥം വഴിയോരങ്ങളിൽ വെച്ചിരുന്ന ബോർഡുകൾ തിരിച്ചെടുത്ത് അവ ഗ്രോബാഗുകളാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പകരം പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ജീവിതശൈലി പ്രചരിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.
പോസ്റ്റിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിനകം അരലക്ഷം ലൈക്കുകൾ ആണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. ആദരപൂർവ്വം സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഷാളുകൾ ഉപയോഗിച്ച് സഞ്ചികൾ നിർമ്മിക്കാനാണ് തീരുമാനം. ഇതിനായി സ്വയംസഹായ സംഘങ്ങളെയും ബി.എം.എസിന്റെ തയ്യൽ തൊഴിലാളികളെയും ചുമതലപ്പെടുത്തി.
Post Your Comments