ന്യൂദല്‍ഹി:ചൗക്കീദാര്‍ ചോര്‍ ഹേ യെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ പ്രചാരണ സ്ഥലത്തും പ്രസംഗിച്ചു നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതി നോട്ടീസ്. റഫാല്‍ വിഷയത്തില്‍ ചൗക്കീദാര്‍ കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞുവെന്ന തന്റെ പ്രസ്താവനയ്ക്കാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹര്‍ജി. ഈ കേസില്‍ രാഹുല്‍ കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ ഇങ്ങനെ പറഞ്ഞു പോയതാണെന്നും കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശം കോടതി നടത്തിയെന്ന പ്രസ്താവനയില്‍ ഖേദമുണ്ടെന്നും കാണിച്ച് രാഹുല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. എന്നാൽ രാഹുല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി രാഹുലിന് നോട്ടീസ് നല്‍കിയത്. മുപ്പതാം തീയതി കേസ് വീണ്ടു പരിഗണിക്കും. തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ കോടതിയുടെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് രാഹുലിന്റെ മാപ്പപേക്ഷ. കോടതി നടപടി ഉണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണ് രാഹുല്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.നേരത്തെ ഗാന്ധിവധ വിവാദത്തില്‍ ആര്‍എസ്‌എസിനോടും രാഹുല്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. ഗാന്ധിവധത്തില്‍ രാഹുല്‍ ആര്‍എസ്‌എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആര്‍എസ്‌എസ് അല്ല ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്നും രാഹുല്‍ഗാന്ധിയുടെ അഭിഭാഷകന്‍ 2016ല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള കള്ളപ്രചാരണങ്ങളുടെ പേരില്‍ രാഹുല്‍ഗാന്ധിക്കെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്.
റഫാലുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് കടത്തിയ രേഖകള്‍ തെളിവായി പരിശോധിക്കുമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീകോടതി വിധിച്ചതായി രാഹുല്‍ പ്രതികരിച്ചത്. എന്നാല്‍ കോടതി വിധിയിലൊരിടത്തും ഇത്തരം പരാമര്‍ശമില്ലെന്നും രാഹുല്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
Post Your Comments