തിരുവനന്തപുരം: തെരഞ്ഞെടുപ്പു ദിനമായ 23 ന് പുറമേ തലേദിവസമായ 22 നും സംസ്ഥാനത്ത് സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 22 ന് സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് അന്ന് അവധി അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) ടിക്കാറാം മീണ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
ദുഃഖവെള്ളി, ഈസ്റ്റര്‍ തുടങ്ങിയവയ്ക്ക് ശേഷമെത്തുന്ന തിങ്കളാഴ്ചയിലെ പ്രവൃത്തിദിനം വോട്ടിങ്ങിലെ ജനപങ്കാളിത്തത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാല്‍ ഉത്തരവിറക്കും. അവധിക്ക് നാട്ടിലെത്തിയ ശേഷം ജോലിക്കും പഠനാവശ്യത്തിനും മറ്റുമായി 22 ന് മടങ്ങിപ്പോകുന്നവര്‍ വോട്ടെടുപ്പിനു മാത്രമായി പിറ്റേന്നു തിരികെ വരാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലുണ്ടായിരുന്നു. തിരഞ്ഞെടുപ്പു ദിനത്തിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ് നിശ്ചയിച്ചിരിക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
Post Your Comments