KeralaLatest NewsElection NewsConstituencyElection 2019

വയനാടന്‍ മണ്ണില്‍ അങ്കം കുറിച്ച് ഈ മൂന്ന് പേര്‍

രൂപീകരിച്ച അന്നു മുതല്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണ് വയനാട്. 2009ല്‍ പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസാണ് ആദ്യമായി വയനാടിന്റെ പ്രതിനിധിയായി ലോകസഭയിലെത്തിയത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് അനുകൂലമായി വിധി എഴുതിയിട്ടുള്ളതാണ് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. 2014 -ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി പതിനാറ്സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു വയനാട്ടില്‍.

congress

2009ലെ കന്നി തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ എം.ഐ. ഷാനവാസിന് നല്‍കിയത്. സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുല്ലയ്ക്ക്
2,57,264 വോട്ടും എന്‍.സി.പിയിലെ കെ. മുരളീധരന് 99,663 വോട്ടും ലഭിച്ചു. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍ കുറവുണ്ടായി. 3,77,035 വോട്ട് എം.ഐ.ഷാനവാസ് നേടിയപ്പോള്‍ സത്യന്‍ മൊകേരിക്ക് 3,56,165 വോട്ടും ലഭിച്ചു.യു,ഡി.എഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ വി.ഐ.പി തലത്തിലേക്ക് ഉയര്‍ന്ന മണ്ഡലമാണ് വയനാട്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലത്തില്‍ യു ഡി എഫും എല്‍ ഡി എഫും എന്‍ ഡി എയും മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായി പറയത്തക്ക ചരിത്രമൊന്നും വയനാടിനില്ല. കാരണം 2009 ലാണ് വയനാട് ലോക്സഭാ മണ്ഡലം നിലവില്‍ വരുന്നതുതന്നെ. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് വയനാട് ലോക്സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നോക്കിയാല്‍ ഉത്തര്‍പ്രദേശില്‍ നിന്നും രാഹുല്‍ ഗാന്ധി മലകളും താഴ് വരകളും കടന്ന് വയനാട് ചുരം കയറുമ്പോള്‍ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അര്‍പ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല. വയനാട്ടില്‍ ശ്രദ്ധേയമാകുന്ന രാഹുല്‍തരംഗത്തിന്റെ അലയൊലികള്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഫലിച്ചേക്കും എന്ന പ്രതീക്ഷയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനുണ്ട്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ആധ്യക്ഷനാണ് നിലവില്‍ രാഹുല്‍ ഗാന്ധി. കേരളത്തില്‍ ഒന്നാകെ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് യുഡിഎഫ് വാദിക്കുമ്പോള്‍ എതിര്‍മുന്നണികള്‍ നിരത്തുന്നത് വിത്യസ്ഥങ്ങളായ കാരണങ്ങളാണ്. ഉത്തര്‍പ്രദേശിലെ അമേഠിയിലായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിച്ചത്.

തിലോയ്, അമേഠി, സലോണ്‍, ജഗ്ദിഷ്പൂര്‍, ഗൗരി ഗഞ്ച് എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് അമേഠി ലോക്സഭാ മണ്ഡലം. എന്നാല്‍ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഈ മണ്ഡലങ്ങളില്‍ നിന്നും ലഭിച്ചത്. അതേസമയം അമേഠിയിലെ എസ്പി- ബിഎസ്പി സഖ്യവും കോണ്‍ഗ്രസിന് ഇത്തവണ തിരിച്ചടിയായേക്കാം. അതിനാല്‍ പരാജയഭീതി മുന്നില്‍ക്കണ്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി സുരക്ഷിത ഇടമായ വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് മറ്റ് പാര്‍ട്ടികള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന വാദം.

ബിഡിജെഎസിലെ തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തുഷാര്‍ വെള്ളാപ്പള്ളി ആദ്യം തീരുമാനിച്ചിരുന്നത് തൃശ്ശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആയിരുന്നെങ്കിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട് മത്സരിപ്പിക്കാന്‍ എന്‍ഡിഎ തീരുമാനിക്കുകയായിരുന്നു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ എന്ന നിലയിലാണ് പെതുരംഗത്ത് ശ്രദ്ധേയനാകുന്നത്. ഒരു സമുദായത്തിന്റെ കൂടി നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അങ്കത്തട്ടിലിറക്കാന്‍ തീര്‍ത്തും അനുയോജ്യനാണ് തുഷാര്‍ വെള്ളാപ്പള്ളി എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പോലും വിലയിരുത്തല്‍.

അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ഗാന്ധി എല്‍ഡിഎഫിനെതിരെ ഒന്നും മിണ്ടാനില്ലെന്നും ബിജെപിയാണ് പ്രധാന എതിരാളിയെന്നും വ്യക്തമാക്കിയിരുന്നു. സിപിഐയുടെ പിപി സുനീര്‍ ആണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇടത്തുപക്ഷത്തിനു വേണ്ടി മത്സരിക്കുന്നത്. അമേഠിയയിലെ ആദ്യ മത്സരത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥി ചന്ദ്രപ്രകാശ് മിശ്രയേക്കാള്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം.

ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 6,55,786 പുരുഷ വോട്ടര്‍മാരും 6,45,019 സത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 13,25,788 വോട്ടര്‍മാരാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. എന്തായാലും ജയപരാജയങ്ങള്‍ ആര്‍ക്കൊപ്പമായാലും ഈ തെരഞ്ഞെടുപ്പിലൂടെ വയനാട് ലോക്സഭാ മണ്ഡലം ചരിത്രത്താളുകളില്‍ ഇടം നേടുമെന്നുറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button