കമ്യൂണിസ്റ്റ് സമരങ്ങളുടെ ചരിത്രം ഒക്കെ പറയാനുണ്ടെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ കമ്യൂണിസ്റ്റുകളെ പിന്തുണച്ച ചരിത്രം കുറവാണ്. അതേ സമയം വന്‍ അട്ടിമറി വിജയങ്ങളും ഇവിടെ ഇടതുപക്ഷം സ്വന്തമാക്കിയിട്ടുണ്ട്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോക്സഭ മണ്ഡലം. ഏഴ് മണ്ഡലങ്ങളില്‍ ആറെണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തല വിജയിച്ചതാണ് ഇത്തവണ മണ്ഡലത്തിലെ യുഡിഎഫിന്റെ ആശ്വാസം. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതുപോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍. പക്ഷേ, 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന്റെ കെസി വേണുഗോപാല്‍ തന്നെ.
കോണ്‍ഗ്രസിന്റെ ഉന്നത ചുമതലകളേറ്റ സിറ്റിങ് എംപി കെ.സി. വേണുഗോപാല്‍ ഇത്തവണ മത്സരിക്കില്ലെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയപ്പോള്‍ ആലപ്പുഴ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ‘പിന്നെയാര്’ എന്ന ചോദ്യത്തിനു താഴെ പല പേരുകള്‍ മായ്‌ച്ചെഴുതി നോക്കി. നാട്ടുകാരിയായ ഷാനിമോളുടെ പേര് ഒടുവില്‍ തെളിഞ്ഞു. അരൂര്‍ എംഎല്‍എ എ.എം. ആരിഫിനെ എല്‍ഡിഎഫ് നേരത്തേ പ്രഖ്യാപിച്ചതാണ്. വേണുഗോപാലാവും അപ്പുറത്തെന്നു കണക്കാക്കി എല്‍ഡിഎഫും പലരെയും ആലോചിച്ചു. രണ്ടായാലും തീരുമാനം വൈകരുതെന്നതിനാല്‍ ആലോചന ആരിഫിലേക്കു വേഗം ചുരുങ്ങി.
എന്‍ഡിഎയിലായിരുന്നു നീണ്ട ആലോചന. ബിഡിജെഎസിനു മണ്ഡലത്തില്‍ താല്‍പര്യമില്ലായിരുന്നു. പിന്നീട് ബിജെപിയില്‍ മാത്രമായി തിരച്ചില്‍. പ്രഖ്യാപനം വന്നപ്പോള്‍, വലുതല്ലെങ്കിലും ഒരു ട്വിസ്റ്റുമുണ്ടായി. കോണ്‍ഗ്രസ് സഹയാത്രികനായി അറിയപ്പെട്ടിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ബിജെപിയിലെത്തി, ആലപ്പുഴയില്‍ മത്സരത്തിനിറങ്ങി.
ഇതുവരെ നടന്ന ആകെ 12 തിരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായിട്ടുള്ളത്. ബാക്കിയെല്ലാ തവണയും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്ന മണ്ഡലം ആണ് ആലപ്പുഴ. ആലപ്പുഴയെ പ്രതിനിധീകരിച്ച് ഏറ്റവും അധികം തവണ തിരഞ്ഞെടുക്കപ്പെട്ട എംപി വിഎം സുധീരന്‍ ആണ്. നാല് തവണ സുധീരന്‍ ആലപ്പുഴയില്‍ നിന്ന് ലോക്സഭയില്‍ എത്തി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പകളും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആണ് ആലപ്പുഴയില്‍ നിന്ന് വിജയിച്ചത്. യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയും ആയിരുന്നു വേണുഗോപാല്‍. 2009 ല്‍ സിപിഎമ്മില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു വേണുഗോപാല്‍.
ഡോ കെഎസ് മനോജിനെ മുന്‍നിര്‍ത്തി 2004 ല്‍ വിഎം സുധീരനില്‍ നിന്നായിരുന്നു സിപിഎം മണ്ഡലം പിടിച്ചെടുത്തത്. 2009 ല്‍ വീണ്ടും കെഎസ് മനോജിനെ തന്നെ സിപിഎം രംഗത്തിറക്കിയെങ്കിലും വേണുഗോപാല്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു. എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ കെസി വേണുഗോപാലിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇക്കാലയളവില്‍ കെസി വേണുഗോപാല്‍ നേരിട്ടിരുന്നു.
3 മുന്നണി സ്ഥാനാര്‍ഥികളും ആദ്യമായാണു ലോക്‌സഭയിലേക്കു മത്സരിക്കുന്നത്. ആരിഫ് അരൂരില്‍ നിന്നു 3 തവണ എംഎല്‍എയായിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍ 2 തവണ നിയമസഭയിലേക്കു മത്സരിച്ചു. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ ആദ്യ തിരഞ്ഞെടുപ്പാണിത്. എംഎല്‍എയായിരിക്കുമ്പോഴാണു കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് ആദ്യം എംപിയായത്.
വികസനത്തിന്റെ താരതമ്യത്തില്‍ ആലപ്പുഴ പിന്നിലാണെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിമാരെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരെയും സൃഷ്ടിച്ച നാടായിട്ടും വളര്‍ന്നില്ല. എല്ലാ വിഭാഗങ്ങളുടെയും സുരക്ഷയ്ക്കു മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ തുടരണമെന്നതിലാണ് ബിജെപി ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.
മുന്നണിയിലോ പാര്‍ട്ടിയിലോ കെട്ടുറപ്പിനു കോട്ടമൊന്നുമില്ലെന്നാണു യുഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസം. വേണുഗോപാല്‍ മത്സരിക്കാത്തത് അണികളില്‍ ആദ്യം നിരാശയുണ്ടാക്കിയെങ്കിലും നാട്ടുകാരിയും മണ്ഡലത്തില്‍ പരിചിതയുമായ ഷാനിമോള്‍ വന്നപ്പോള്‍ ചിത്രം മാറി. ആരിഫിലൂടെ എല്‍ഡിഎഫ് ഉന്നമിട്ട അനുകൂല ഘടകങ്ങള്‍ ഷാനിമോള്‍ വന്നതോടെ അസാധുവായെന്നും യുഎഡിഎഫ് വിശ്വസിക്കുന്നു.
മുന്‍ പിഎസ്സി ചെയര്‍മാനും കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. കെ എസ് രാധാകൃഷ്ണന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് പുതിയൊരു ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണ് ഡോ. കെ.എസ് രാധാകൃഷണന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി എത്തിയത്. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം മത്സ്യത്തൊഴിലാളി മേഖലയുടെ പിന്തുണകൂടിയാണ് അദ്ദേഹത്തിലൂടെ എന്‍.ഡി.എയുടെ ഉന്നം.
ഈ തെരഞ്ഞെടുപ്പ് വേളയില്‍ പ്രളയവും ശബരിമലയും സാമ്പത്തിക സംവരണവും മത്സ്യത്തൊഴിലാളി, കയര്‍, കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളുമെല്ലാം പ്രചരണ വേദികളില്‍ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്. വിജയം നേരത്തെ ഉറപ്പിച്ചെന്നാണ് എല്‍.ഡി.എഫ് ക്യാമ്പിന്റെ വാദം. എന്നാല്‍ ഇടതു കണക്കുകൂട്ടലുകള്‍ തകര്‍ക്കുന്ന അടിയൊഴുക്കുകളിലൂടെ സീറ്റ് നിലനിര്‍ത്തുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. അത്ഭുത കുതിപ്പിലൂടെ അട്ടിമറി ജയവുമാകും നേടുകയെന്ന് എന്‍.ഡി.എ നേതാക്കളും അവകാശപ്പെടുമ്പോള്‍ പോരാട്ട ചൂട് ഏറുകയാണ് ആലപ്പുഴയില്‍.
Post Your Comments