കൊല്ലം ആര്‍എസ്പിയുടെ മണ്ണാണ്. 16 തെരഞ്ഞെടുപ്പുകളില്‍ 5 എണ്ണം കോണ്‍ഗ്രസ് പിടിച്ചു. ബാക്കിയെല്ലാം വിജയം പാറിച്ചത് ആര്‍എസ്പി തന്നെ. ശ്രീകണ്ഠന്‍ നായരുടെ പിന്‍ഗാമിയായി വന്നു 2 തവണ മണ്ഡലം കാത്ത പ്രേമചന്ദ്രനെ വെട്ടി 1999 ല്‍ സിപിഎം സീറ്റ് പിടിച്ചെടുത്തതു ചരിത്രം. മനസ്സ് നൊന്ത ആര്‍എസ്പിയെ കൂടെ നിര്‍ത്തി 2 തവണ സിപിഎം ജയിച്ചെങ്കിലും 2009ല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണയും തഴയപ്പെട്ട പ്രേമചന്ദ്രനെയും ആര്‍എസ്പിയെയും യുഡിഎഫ് കൊത്തിക്കൊണ്ടുപോയി. വലിയ വ്യത്യാസത്തില്‍ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഇടറി വീണതോടെ കനലെരിഞ്ഞതു സിപിഎമ്മിന്റെ മനസ്സിലാണ്.
ആര്‍എസ്പിയുടെയും സിപിഎമ്മിന്റെയും ഉള്ളിലെ കനലടങ്ങാത്ത മണ്ണിലാണ് ഇക്കുറി പോര്. മത്സരിച്ചപ്പോഴൊക്കെ വന്‍ ഭൂരിപക്ഷം നേടിയ എന്‍.കെ. പ്രേമചന്ദ്രന്‍ മണ്ഡലം കാക്കാന്‍ വീണ്ടും എത്തിയിരിക്കുകയാണ്. പിബി അംഗത്തിനു പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എന്‍. ബാലഗോപാലിനെ ഇറക്കിയാണ് സിപിഎമ്മിന്റെ അഭിമാനപ്പോരാട്ടം. സസ്‌പെന്‍സിനൊടുവില്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിനെ കൊണ്ടുവന്ന് ആകാംക്ഷയേറ്റുകയാണ് ബിജെപി. മൂന്ന് നിയമ ബിരുദധാരികള്‍ ഏറ്റ്മുട്ടുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
പതിവുപോലെ വിരുന്നുകാരുടെ പോരാട്ടമാണ് ഇക്കുറിയും. തിരുവനന്തപുരം നാവായിക്കുളത്തു നിന്നു വന്നു കൊല്ലംകാരനായി മാറിയ പ്രേമചന്ദ്രന്‍, കൊല്ലം തട്ടകമാക്കിയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ബാലഗോപാല്‍, എറണാകുളം തൃപ്പൂണിത്തുറ സ്വദേശി കെ.വി. സാബു. തൊട്ടതെല്ലാം പൊന്നാക്കിയ ജനകീയ എംപിയായാണു പ്രേമചന്ദ്രന്‍ കളം നിറയുന്നത്. മികച്ച ലോക്‌സഭാംഗത്തിനുള്ള 2017 ലെ സ്‌പെഷല്‍ സന്‍സദ് രത്‌ന അവാര്‍ഡ് പ്രേമചന്ദ്രനായിരുന്നെങ്കില്‍, മികച്ച രാജ്യസഭാംഗത്തിനുള്ള ഇതേ അവാര്‍ഡ് ബാലഗോപാലിനും ലഭിച്ചു.
മുന്നണി വിട്ട് അപ്പുറത്തുപോയി പാര്‍ട്ടി പിബി അംഗത്തെ മലര്‍ത്തിയടിച്ച പ്രേമചന്ദ്രനു നേരെ എല്ലാ അമ്പുകളും തൊടുക്കുകയാണു സിപിഎം. പ്രേമചന്ദ്രനെതിരെ കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയെന്ന മുഖവുരയോടെ ബാലഗോപാലിനെ അവതരിപ്പിച്ച സിപിഎം സാമുദായിക വോട്ടുകളില്‍ കണ്ണുവയ്ക്കുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ സംഘടനയിലുടനീളം ഉറപ്പിച്ച സ്വാധീനമാണു ബാലഗോപാലിന്റെ മിടുക്ക്. എം.എ.ബേബി മത്സരിച്ചപ്പോള്‍ പ്രേമചന്ദ്രനെതിരെ വിവാദ പരാമര്‍ശം നടത്തിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ഇക്കുറി പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നേരിട്ട് ഇടപെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 2006ല്‍ പിറവത്തും 2011ല്‍ തൃപ്പൂണിത്തുറയിലും 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയിലും 2014ല്‍ ഇടുക്കിയിലും പോരാടാനിറങ്ങിയ കെ.വി. സാബുവിലൂടെ പുതിയ പരീക്ഷണത്തിനു കളമൊരുക്കുകയാണു ബിജെപി. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ വോട്ട് വര്‍ധനയിലും ശബരിമലയിലുമാണു പാര്‍ട്ടിയുടെ പ്രതീക്ഷ. കൊല്ലം ബൈപാസ് മുതല്‍ പുല്‍വാമ ഭീകരാക്രമണം വരെ പയറ്റാന്‍ ആയുധങ്ങളേറെയുണ്ടെങ്കിലും കൊല്ലത്തു പ്രധാന മത്സരം പ്രേമചന്ദ്രന്‍- ബാലഗോപാല്‍ വ്യക്തിത്വങ്ങള്‍ തമ്മിലാണ്.
പ്രേമചന്ദ്രന്‍ ‘സംഘി’യാണെന്ന് ആരോപിച്ചു ഭീകരമായ ആക്രമണമാണു സിപിഎം അഴിച്ചുവിട്ടത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന കൊല്ലം ബൈപാസ് തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നതാണു പ്രകോപനം. മോദിയെ ക്ഷണിച്ചത് പ്രേമചന്ദ്രനാണെന്നാണ് ആരോപണം. മുത്തലാഖ് ബില്ലിനെതിരെ ലോക്‌സഭയില്‍ നിരാകരണ പ്രമേയം അവതരിപ്പിക്കുന്നതു വരെ സിപിഎമ്മിനു പ്രേമചന്ദ്രന്‍ സംഘിയായിരുന്നില്ലെന്നു യുഡിഎഫ് തിരിച്ചടിക്കുന്നു. പ്രേമചന്ദ്രന്റെ വോട്ട്ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താനുള്ള നീക്കത്തിനെതിരെ കനത്ത ജാഗ്രതയിലാണു യുഡിഎഫ്.
പ്രേമചന്ദ്രന്റെ ജനകീയ പരിവേഷവും ശബരിമല വിഷയവും അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടികളും തീരദേശത്തെ വറുതിയുമൊക്കെ ചൂണ്ടിക്കാട്ടി യുഡിഎഫ് രണ്ടാം റൗണ്ടിലേക്കു കടക്കുമ്പോള്‍ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നേടിയ മികച്ച വിജയത്തിലാണു സിപിഎമ്മിന്റെ പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കൊല്ലം മാറിച്ചിന്തിക്കുന്നതു പതിവാണല്ലോയെന്നു യുഡിഎഫ് ചിന്തിക്കുന്നു. അന്തരീക്ഷത്തിലുള്ള ചൂടിനേക്കാള്‍ അധികമാണ് കൊല്ലത്തെ രാഷ്ട്രീയ ചൂട്. മൂന്നുമുന്നണികളും ആഞ്ഞ് പരിശ്രമിക്കുന്ന മണ്ഡലത്തില്‍ ആര് വിജയക്കൊടി നാട്ടുമെന്ന് കാത്തിരുന്ന് തന്നെകാണാം
Post Your Comments