ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടതു തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ചിത്രത്തിനെതിരായ ഹർജികൾ ബോംബെ, ഡൽഹി ഹൈക്കോടതികൾ തള്ളിയിരുന്നു. സിനിമയിൽ എന്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാകാതെ ഉത്തരവിറക്കാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ പറഞ്ഞിരുന്നു.സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഹർജിക്കാരായ കോൺഗ്രസ് പ്രവർത്തകൻ ഇന്ന് കോടതിയിൽ തെളിയിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ കൃത്യമായ തെളിവ് ഹർജിക്കാരന് കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞില്ല.
ഏപ്രിൽ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
Post Your Comments