Election NewsLatest NewsIndiaElection SpecialElection 2019

എല്ലാവരും പറയുന്നു കേന്ദ്രത്തില്‍ മോദിക്ക് രണ്ടാമൂഴമെന്ന്: അവസാന സര്‍വേകള്‍ എന്‍ഡിഎയ്ക്ക് പ്രവചിക്കുന്ന സീറ്റുകളെത്ര?

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സര്‍വേഫലങ്ങളെല്ലാം എന്‍ഡിസര്‍ക്കാരിന് അനുകൂലമാകുമ്പോള്‍ പ്രധാനമന്ത്രികസേരയില്‍ മോദിക്ക് രണ്ടാംമൂഴം ഉറപ്പാക്കുകയാണ് ബജെപി. വിവിധ ഏജന്‍സികളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഒട്ടേറെ സര്‍വേഫലങ്ങള്‍ പുറത്തുവന്നതോടെയാണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഉറപ്പാകുന്നത്. ഓരോ സര്‍വേഫലങ്ങളും വിശകലനം ചെയ്താല്‍ രണ്ടായിരത്തി പത്തൊമ്പതിലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിന് ലഭിക്കുന്ന സീറ്റുകളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. അതിന് മുമ്പ് പുറത്തുവന്ന പ്രധാന സര്‍വേഫലങ്ങളേതെല്ലാമാണെന്ന് നോക്കാം.

സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ സാധ്യത എന്‍ഡിഎയ്ക്ക്

ആകെ മത്സരം നടക്കുന്ന സീറ്റുകള്‍ -. 543
എന്‍ഡിഎ- 264
യുപിഎ- 141

തമിഴ്‌നാട്ടില്‍ ഡിഎംകെ തൂത്തുവാരുമെന്നും സി വോട്ടര്‍ അഭിപ്രായ സര്‍വേഫലം പ്രവചിക്കുന്നു. എന്‍ഡിഎ 264 സീറ്റുകള്‍ നേടുമ്പോള്‍ ബിജെപിക്ക് ലഭിക്കുന്നത് 220 സീറ്റുകളാണെന്നും സഖ്യകക്ഷികള്‍ക്ക് 40 സീറ്റുകള്‍ ലഭിക്കുമെന്നും സി വോട്ടര്‍ സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ 71 ല്‍ നിന്നും ബിജെപി 26 സീറ്റിലേക്ക് ഒതുങ്ങും എന്നാണ് സര്‍വേ പറയുന്നത്. അതേ സമയം എന്‍ഡിഎ അന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുങ്കാനയില്‍ ടിആര്‍എസ്, മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്, ഓഡീഷയില്‍ ബിഡിജെഎസ് എന്നിവരുമായി സഖ്യമുണ്ടാക്കിയാല്‍ 301 സീറ്റുവരെ നേടാം എന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നുണ്ട്.

88 സീറ്റുകള്‍ നേടുന്ന കോണ്‍ഗ്രസിന് സഖ്യകക്ഷികള്‍ വഴി 53 സീറ്റ് നല്‍കും. നിലവില്‍ സഖ്യമില്ലാത്ത കേരളത്തിലെ എല്‍ഡിഎഫ്, തൃണമൂല്‍ കോണ്‍ഗ്രസ്, യുപിയിലെ എസ്.പി-ബിഎസ്പി സഖ്യം, ആസാമിലെ എഐയുഡിഎഫ് എന്നിവയുമായി സഖ്യമുണ്ടാക്കിയാല്‍ യുപിഎയ്ക്ക് 226 സീറ്റുവരെ നേടാം എന്നും സര്‍വേ പറയുന്നു.

എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ചയെന്ന് ഇന്ത്യാ ടിവി- സിഎന്‍എക്സ് സര്‍വേ

എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകും. അതേ സമയം 2014ലെ വമ്പന്‍ വിജയം ആവര്‍ത്തിക്കില്ലെന്നും നേരിയ ഭൂരിപക്ഷത്തിലാകും അധികാരത്തിലെത്തുകയെന്നും സര്‍വേ പറയുന്നു. കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്.

എന്‍ഡിഎ സഖ്യം 275 സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് സര്‍വേ പറയുന്നത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അതേ സമയം കോണ്‍ഗ്രസ് ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. 2014ല്‍ 44 സീറ്റുകളിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 97 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

230 സീറ്റുകളുമായി രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി തന്നെയാകുമെന്നാണ് സര്‍വേ പറയുന്നത്. ശിവസേന-13, അണ്ണാ ഡിഎംകെ-10, ജെഡിയു-9, അകാലി ദള്‍- 2, എല്‍ജെപി- 3, പിഎംകെ -2 എന്നിങ്ങനെയാകും എന്‍ഡിഎയിലെ മറ്റ് സഖ്യകക്ഷികളുടെ സീറ്റ് നേട്ടമെന്നാണ് സര്‍വേ പറയുന്നത്.

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ യുപിയില്‍ ഇത്തവണ ബിജെപിയുടെ സീറ്റ് നേട്ടം 40 ല്‍ ഒതുങ്ങും. കടുത്ത മത്സരം നടക്കുന്ന ബംഗാളില്‍ തൃണമൂല്‍ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ബിജെപിക്ക് സാധിച്ചേക്കും. 42 സീറ്റില്‍ 28 ഇടത്ത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ 12 സീറ്റുകളില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പത്തും സഖ്യകക്ഷിയായ ജെഡിഎസ്‌ന് രണ്ടും സീറ്റുകള്‍ വീതം ലഭിച്ചേക്കും, 16 സീറ്റുകള്‍ ബിജെപി നേടുമെന്നും സര്‍വേ പറയുന്നു

തൂക്കുസഭയെന്ന് എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ

2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം. എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ ഫലങ്ങളാണ് തൂക്കുസഭ പ്രവചിക്കുന്നത്. ഇന്ത്യടുഡേ സര്‍വെ പ്രകാരം എന്‍.ഡി.എക്ക് 237, യു.പി.എ 126, മറ്റുള്ളവര്‍ 140 എന്നിങ്ങനെയും എബിപി സീവോട്ടര്‍ സര്‍വെ പ്രകാരം എന്‍.ഡി.എ 233, യു.പി.എ 167, മറ്റുളളവര്‍ 143 എന്നിങ്ങനെയുമാണ്.

എബിപി സര്‍വെ പ്രകാരം ദക്ഷിണേന്ത്യയില്‍ യു.പി.എ മുന്നേറ്റമുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. യു.പി.എ 69 സീറ്റും എന്‍.ഡി.എ 14 സീറ്റും മറ്റുള്ളവര്‍ 46 സീറ്റും നേടുമെന്നും സര്‍വെ ഫലം പറയുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ഇതെ സര്‍വെ ഫലം പറയുന്നത്.

സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും 51 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 25 സീറ്റ് ലഭിക്കുമെന്നും കോണ്‍ഗ്രസിന് ലഭിക്കുക 4 സീറ്റ് മാത്രമായിരിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു.

ബിഹാറില്‍ നരേന്ദ്ര മോദി – നിതീഷ് കുമാര്‍ സഖ്യം മുന്നിലെത്തുമെന്നാണ് പ്രവചനം. ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം 5 സീറ്റില്‍ ജയിക്കുമെന്നും സര്‍വെ പറയുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 34 സീറ്റും ബി ജെ.പിക്ക് 7 സീറ്റും ലഭിക്കും. എന്നാല്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു.

എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടിവിയും സി വോട്ടറും

ഇപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം. റിപ്പബ്ലിക് ടിവിയും സി വോട്ടറും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 335 ലേറെ സിറ്റ് ഭൂരിപക്ഷത്തില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നാണ്ണ് സര്‍വേ സൂചിപ്പിക്കുന്നത്. കൂടാതെ കേരളത്തില്‍ 20 % വോട്ടുകള്‍ എന്‍ ഡി എ നേടുമെന്നും സര്‍വേയില്‍ പറയുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കുമെന്നുളള ചോദ്യത്തിന് 66 ശതമാനം പേര്‍ നരേന്ദ്രമോദിക്കു വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 28 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്തു. എന്‍ഡിഎയ്ക്ക് 335 സീറ്റ് ലഭിക്കുമെന്നും യുപിഎയ്ക്ക് 89 സീറ്റ് ലഭിക്കുമെന്നും ആണ് സര്‍വേയില്‍ പറയുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആരാണ് യോഗ്യനെന്ന ചോദ്യത്തിന് 62.7 പേര്‍ നരേന്ദ്രമോദി എന്നും 12.6 പേര്‍ രാഹുല്‍ ഗാന്ധി എന്നും വോട്ട് ചെയ്തു.

2014 ആവര്‍ത്തിക്കുമൈന്ന് ടൈംസ് നൗ

രാജ്യ തലസ്ഥാനത്ത് ഇക്കുറി ആരാണ് വിജയിക്കുക എന്ന് ഏവരും ഉറ്റുനോക്കി ഇരിക്കുകയാണ്. ഇത്തവണ കോണ്‍ഗ്രസ് സീറ്റു പിടിക്കുന്നതിനായാണ് പ്രതിപക്ഷം കാത്തിരിക്കുന്നതും. എന്നാല്‍ ടൈംസ് നൗ സര്‍വേ ഫലം പ്രവചിക്കുന്നത് 2014 ലെ ഫലം അങ്ങനെ തന്നെ ആവര്‍ത്തിക്കുമെന്നാണ്. ബിജെപി ഏഴു സീറ്റിലും വിജയിക്കുമെന്നും ഡല്‍ഹി യില്‍ മറ്റു കക്ഷികള്‍ക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നുമാണ് പ്രവചനം.

യുപിയില്‍ എന്‍ഡിഎ 50 സീറ്റില്‍ കുറയാതെ നേടുമെന്നും യുപിഎ വെറും മൂന്ന് സീറ്റുകളില്‍ ഒതുങ്ങുമെന്നും എസ്പിബിഎസ്പി സഖ്യം 27 സീറ്റുകള്‍ വരെ നേടുമെന്നുമാണ് പ്രവചിക്കുന്നത്.

എന്‍ഡിഎയ്ക്ക് മേല്‍ക്കോയ്മയെന്ന് ഡിഎസ്-ലോക്‌നിതി പ്രഥമ തെരഞ്ഞെടുപ്പ് സര്‍വ്വേഫലം

ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) എതിരാളികള്‍ക്കുമേല്‍ വിജയം നേടുമെന്ന് സിഡിഎസ്-ലോക്‌നീതി പ്രഥമ തെരഞ്ഞെടുപ്പ് സര്‍വ്വേ ഫലം. മോദിസര്‍ക്കാരിന് രണ്ടാമൂഴം നല്‍കുന്നതാണ് രാജ്യമനസെന്നും സര്‍വേ. ബിജെപി 222 മുതല്‍ 232 വരെ സീറ്റുകള്‍ നേടും. പക്ഷേ ഒറ്റകക്ഷിയെന്ന നിലയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കഴിയില്ല. അതേസമയം യുപിഎയ്ക്ക് 115 ുതല്‍ 135 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ.

ഉത്തര്‍പ്രദേശിലെ എസ്പി ബി എസ് പി സംയുക്ത ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇപ്പോഴത്തെ പ്രവണതകള്‍ തുടരുകയാണെങ്കില്‍, ഈ രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്തില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാകും. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നന്നായി തുടരുമെങ്കിലും 2014 ലെ പ്രകടനത്തെ ആവര്‍ത്തിക്കാനാവില്ല. ബീഹാറില്‍ ആര്‍ജെഡി വീഴും, മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഇത്തവണ തിരിച്ചടിയുണ്ടാവും ഗുജറാത്തില്‍ ചെറിയ തിരിച്ചടിയുണ്ടാവുമെങ്കിലും ബിജെപി തന്നെയാണ് ഇവിടെ തൂത്തുവാരുക, ഗോവയില്‍ ഒപ്പത്തിനൊപ്പം, ബംഗാളില്‍ ഏഴ് സീറ്റ് വരെ നേടി ബിജെപി് വന്‍നേട്ടമുണ്ടാക്കും. നോര്‍ത്ത് ഈസ്റ്റില്‍ 14 സീറ്റ് വരെ ബിജെപി നേടുമ്പോള്‍ കോണ്‍ഗ്രസ് ഒമ്പതില്‍ ഒതുങ്ങുമെന്നാണ് പൊതുവേ സര്‍വേഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഭരണ നഷ്ടമായ ബിജെപി മധ്യപ്രദേശില്‍ തിരിച്ചുവരുമെന്നും ആകെയുള്ള 29 സീറ്റില്‍ 23 എണ്ണം എന്‍ഡിഎ നേടുമെന്നും ചില സര്‍വേഫലങ്ങള്‍ ഉറപ്പിച്ചു പറയുന്നു. ചുരുക്കത്തില്‍ ഇതുവരെ നടന്ന പ്രധാന സര്‍വേഫലങ്ങളെല്ലാം എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു പറയുന്നു. ഒറ്റപ്പെട്ട ചില സര്‍വേഫലങ്ങള്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത തുറന്നുകാട്ടുന്നുണ്ട്. 2019ല്‍ തൂക്കുസഭയെന്ന് സര്‍വെ ഫലം. എബിപി-സീ വോട്ടര്‍, ഇന്ത്യ ടുഡേ സര്‍വെ ഫലങ്ങളാണ് തൂക്കുസഭ പ്രവചിക്കുന്നത്. ഇന്ത്യടുഡേ സര്‍വെ പ്രകാരം എന്‍.ഡി.എക്ക് 237, യു.പി.എ 126, മറ്റുള്ളവര്‍ 140 എന്നിങ്ങനെയും എബിപി സീവോട്ടര്‍ സര്‍വെ പ്രകാരം എന്‍.ഡി.എ 233, യു.പി.എ 167, മറ്റുളളവര്‍ 143 എന്നിങ്ങനെയുമാണ്.

കേരളം കോണ്‍ഗ്രസ് പിടിക്കും, ബിജെപി അക്കൗണ്ട് തുറക്കും -ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ

ഇടത് വലത് മുന്നണികള്‍ക്ക് അപ്രമാദിത്വമുള്ള കേരളത്തിലും ഇക്കുറി താമര വിരിയുമെന്നാണ് ചില സര്‍വേഫലങ്ങള്‍ പറയുന്നത്. . ബി.ജെ.പി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമെന്നാണ് ടൈംസ് നൗ സര്‍വേ പ്രവചിക്കുന്നത്. ബി.ജെ.പിയുടെ വോട്ട് വിഹിതം 20.85 ശതമാനമായി ഉയരുമെന്നും സര്‍വേ പറയുന്നു. അതായത് 10.28 ശതമാനത്തിന്റെ വര്‍ധന.

തിരുവനന്തപുരത്ത് താമര വിരിയുമെന്ന് സര്‍വേഫലം

ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് സര്‍വേ ഫലം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വന്നത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 40 ശതമാനം വോട്ട് നേടി ജയിക്കുമെന്ന് സര്‍വേയില്‍ പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും സര്‍വ്വേഫലത്തില്‍ വ്യക്തമാക്കുന്നു.

13 സീറ്റുകളും യൂഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന് വെറും 5 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക.എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും തിരുവനന്തപുരത്തു മിന്നുന്ന ജയം ആയിരിക്കും കുമ്മനത്തിന് ഉണ്ടാവുക എന്നും സര്‍വേ വ്യക്തമാക്കുന്നു. പത്തനംതിട്ടയില്‍ കനത്ത പോരാട്ടമാകും നടക്കുകയെന്നും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുമെന്നും സര്‍വേയില്‍ കാണുന്നു.

ചുരുക്കത്തില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങളുമായി പ്രതിപക്ഷം പതിനെട്ടടവും പയറ്റുമ്പോള്‍ കേന്ദ്രത്തില്‍ ഭൂരിപക്ഷം തികച്ച് എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വേണം കരുതാന്‍. 200 മുതല്‍ മുന്നൂറ് സീറ്റ് വരെ നേടിയായിരിക്കും എന്‍ഡിഎ സഖ്യം തിരിച്ചെത്തുക. എന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷത്തിനാവശ്യമായ 272 എന്ന മാന്ത്രികസംഖ്യ സ്പര്‍ശിക്കാന്‍ കഴിയുമെന്ന് സര്‍വേ ഫലങ്ങളൊന്നും ഉറപ്പിച്ച് പറയുന്നില്ല. യുപിയില്‍ നേരിടേണ്ടി വരുന്ന കനത്ത തിരിച്ചടിയാകും ബിജെപിയുടെ എംപിമാരുടെ എണ്ണത്തില്‍ കുറവു വരുത്തുന്നത്. യുപിഎയ്ക്ക് ആകട്ടെ 100 മുതല്‍ 175 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു. കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ 100 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് വേണം സര്‍വേഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസിലാക്കേണ്ടത്. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അവഗണിച്ച് വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button