Candidates

കോട്ടയം മണ്ഡലത്തില്‍ എന്‍ഡിഎയുടെ ശക്തനായ സ്ഥാനാര്‍ത്ഥി പി.സി തോമസ് ചരിത്രം

1950 ഒക്ടോബര്‍ 31-ന് പി.ടി. ചാക്കോയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച പി.സി. തോമസ് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്നു ബിരുദവും തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്(മാണി) വിഭാഗത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ ഇദ്ദേഹം1989 മുതല്‍ പലതവണ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.പാര്‍ട്ടി നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (ഐ.എഫ്.ഡി.പി) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. 2004-ല്‍ നടന്ന പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പിന്തുണയോടെ മൂവാറ്റുപുഴ മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സി.പി.ഐ. (എം) സ്ഥാനാര്‍ത്ഥിയായിരുന്ന പി.എം. ഇസ്മായിലിനെയും ഐക്യ ജനാധിപത്യ മുന്നണിയിലെ കേരള കോണ്‍ഗ്രസ്(മാണി) സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ്.കെ.മാണിയെയും പിന്‍തള്ളി ജയം നേടി.

പിന്നീട് ഐ.എഫ്.ഡി.പി പിരിച്ചുവിട്ട് ഇദ്ദേഹവും കൂടെയുള്ളവരും ഇടതു മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തില്‍ ലയിച്ചു . എന്നാല്‍ ആ പാര്‍ട്ടിയുടെ നേതാവായ പി.ജെ. ജോസഫ് അടക്കമുള്ളവര്‍ കേരള കോണ്‍ഗ്രസ്(മാണി) വിഭാഗത്തില്‍ പിന്നീട് ലയിച്ചുവെങ്കിലും പി.സി. തോമസ്, വി.സുരേന്ദ്രന്‍ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതു മുന്നണിയില്‍ തന്നെ നിലകൊള്ളുകയും കേരള കോണ്‍ഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) എന്ന പേരു സ്വീകരിക്കുകയും ചെയ്തു.എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പിസി വിഭാഗം എന്‍ഡിഎയിലേയ്ക്ക് ചേക്കേറുകയായിരുന്നു.

കോട്ടയം സീറ്റു ഘടകകക്ഷിക്കു വിട്ടു നല്‍കാനുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണു നിര്‍ണായകമായത്. കോട്ടയത്തെ സാധ്യത പട്ടികയില്‍ പി.സി.തോമസിന്റെ പേരിനു തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ കോട്ടയത്ത് സിപിഎം മത്സരിച്ചാല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനായിരുന്നു ബിജെപിയുടെ ആഗ്രഹം. ശബരിമല സമരത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത് കോട്ടയം ജില്ലയിലാണ്. ഇതു തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താന്‍ ബിജെപി സ്ഥാനാര്‍ഥിക്കു സാധിക്കുമെന്നു പ്രാദേശിക നേതൃത്വം വാദിച്ചു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം പി.സി. തോമസിനെ നിര്‍ദേശിച്ചത് ഇടതു, വലതു മുന്നണികളിലെ തര്‍ക്കം കൂടി കണക്കിലെടുത്താണ്. പി.സി.തോമസിന്റെ സ്ഥാനാര്‍ഥിത്വത്തെ ബിഡിജെഎസും അനുകൂലിച്ചു.

പി.ടി. ചാക്കോയുടെ മകന്‍ എന്ന പരിഗണനയും വ്യക്തിബന്ധങ്ങളും കോട്ടയത്ത് പി.സി.തോമസിനു ഗുണം ചെയ്യുമെന്നും നേതൃത്വം വിശ്വസിക്കുന്നു. ദേശീയ നേതൃത്വം നിര്‍ദേശിച്ചതോടെ ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ കോട്ടയം സീറ്റെന്ന ആവശ്യത്തില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു. അതേസമയം, കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ കെ.എം.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള തര്‍ക്കവും ശബരിമല വിഷയത്തിലെ ഇടപെടലും കോട്ടയം മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കു ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button