കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേരുന്നു. ബംഗാളിൽ രാവിലെ 11 നാണ് യോഗം ചേരുക.
അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേരെ കൽക്കട്ട സർവകലാശാല ക്യാമ്പസിൽ നിന്നും കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് അക്രമാസക്തരായ ബിജെപി പ്രവർത്തകർ ക്യാമ്പസിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് നാല് മണിയോടു കൂടിയാണ് ‘സേവ് റിപ്പബ്ലിക് റാലി’ എന്നു പേരിട്ട അമിത് ഷായുടെ റാലി മധ്യ കൊൽക്കത്തയിൽ നിന്നും ആരംഭിച്ചത്. നോർത്ത് കൊൽക്കത്തയിലെ വിവേകാനന്ദ ഹൗസിലേക്കായിരുന്നു റാലി. എന്നാൽ സർവകലാശാല ക്യാമ്പസിനു സമീപമെത്തിയപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ അമിത് ഷാ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളികളുയർന്നു. ഇതിനു മറുപടിയായി ബി.ജെ.പി. പ്രവർത്തകർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെ ക്യാമ്പസിൽ നിന്നും റാലിക്ക് നേരെ കല്ലേറുണ്ടായി. തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൊലീസെത്തി ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടർന്നു.
Post Your Comments