മണ്ഡി: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സേന വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ലൊരു ജീവിതം നയിക്കാന്‍ സാധിക്കാത്തവരാണ് സൈന്യത്തില്‍ ചേരുന്നതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ കോണ്‍ഗ്രസ് ഒരാളെ മുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഒരു പ്രസ്താവന നടത്തി. വിശപ്പ് കൊണ്ട് മരിക്കാന്‍ പോകുന്നവരാണ് സൈന്യത്തില്‍ ചേരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.’
‘ഹിമാചല്‍ പ്രദേശിലെ ഓരോ അമ്മമാരും അവരുടെ മക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിവില്ലാത്തത് കൊണ്ടാണോ അവരുടെ മക്കളെ സൈന്യത്തില്‍ ചേരാന്‍ വിടുന്നത്. ഇത് അമ്മമാരേയും അവരുടെ ധീരരായ മക്കളേയും അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2016ല്‍ ഇന്ത്യയുടെ ധീരരായ മക്കളാണ് രാജ്യത്തിന് വേണ്ടി സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതിന് പകരം കോണ്‍ഗ്രസുകാര്‍ തന്നെയാണ് കുറ്റം പറയുന്നത്.
ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷവും കോണ്‍ഗ്രസുകാര്‍ മോദിയെ കുറ്റം പറയാനാണ് തിടുക്കം കാട്ടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മഡ്ഡുരുവിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കുമാരസ്വാമിയുടെ വിവാദ പ്രസ്താവന. അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി നില്‍ക്കുന്നവരൊന്നും പണക്കാരുടെ മക്കളല്ലെന്നും, രണ്ട് നേരം പോലും ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ആളുകളുടെ മക്കളാണെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന.
കുമാരസ്വാമിയുടെ ഈ പ്രസ്താവന കര്‍ണാടക ബിജെപി നേതൃത്വം അവരുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ കുമാരസ്വാമി ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഇത് പൂര്‍ണമായ വീഡിയോ അല്ലെന്നും, പ്രസംഗത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം മാത്രമാണെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. സംഭവത്തെ എല്ലാവരും ചേര്‍ന്ന് വളച്ചൊടിക്കുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments