ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലേനയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍. ബി.ജെ.പിയും ഗൗതം ഗംഭീറും തനിക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖ പ്രചരിപ്പിക്കുന്നതായി അതിഷി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.അതിഷി ബീഫ് കഴിക്കുന്ന വേശ്യയാണെന്ന പരാമര്‍ശം ഉള്‍പ്പെടെ അപകീര്‍ത്തികരമായ നിരവധി പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് ഡല്‍ഹി മണ്ഡലത്തില്‍ പ്രചരിക്കുന്നത്. ഈസ്റ്റ് ഡല്‍ഹിയില്‍ ഗൗതം ഗംഭീറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് അതിഷി.
തന്നെ കടുത്തഭാഷയില്‍ നിന്ദിക്കുകയും അധിക്ഷേപിക്കുകയും തന്റെ ധാര്‍മ്മിക ചോദ്യം ചെയ്യുന്ന വിധത്തില്‍ ആരോപണം ഉന്നയിക്കുകയും ചെയ്തുവെന്നാണ് അവര്‍ പറയുന്നത്. അതിഷിക്കെതിരായ നിന്ദ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബി.ജെ.പിയുടെതെന്ന തരത്തിലുള്ള ലഘുലേഖ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. ‘വേശ്യ’, ബീഫ് കഴിക്കുന്നവള്‍’, സങ്കര ഇനത്തിന്റെ മികച്ച ഉദാഹരണം’ തുടങ്ങിയ പ്രയോഗങ്ങളാണ് അതിഷിക്കെതിരെ ലഘുലേഖയില്‍ പറയുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ഗംഭീറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റമുണ്ടായതില്‍ തനിക്ക് ഏറെ വേദനയുണ്ടെന്നും ഇദ്ദേഹത്തെ പോലെയൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷ തോന്നുമെന്നും അതിഷി പറഞ്ഞു. എന്നാൽ പ്രസ്താവനാ യുദ്ധത്തിന് പിന്നാലെയാണ് മാനനഷ്ടക്കേസ് നല്‍കാന്‍ ഗംഭീര്‍ തയ്യാറെടുക്കുന്നത്. കെജ്‌രിവാളിനും അതിഷിയ്ക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഗംഭീര്‍ വ്യക്തമാക്കി.
ലഘുലേഖ പുറത്തിറക്കിയതിന് പിന്നില്‍ കെജ്‌രിവാള്‍ തന്നെയാണെന്ന് ഗംഭീര്‍ നേരത്തെ ആരോപിച്ചിരുന്നു. ലഘുലേഖ പുറത്തിറക്കിയത് താനാണെന്ന് തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ലഘുലേഖ പുറത്തിറക്കിയത് താനല്ലെന്ന് തെളിഞ്ഞാല്‍ കെ്ജ്‌രിവാള്‍ രാഷ്ട്രീയം ഉപേക്ഷിക്കുമോ എന്നും ഗംഭീര്‍ ചോദിച്ചു.
Post Your Comments