ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിന് പോയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ് രാധാകൃഷ്ണന്റെ വഞ്ചി മുങ്ങി. വെള്ളത്തിൽ വീണ സ്ഥാനാര്‍ത്ഥിയും അണികളും കൂകിവിളിച്ചപ്പോൾ രക്ഷകരായി എത്തിയത് ദമ്പതികൾ.
സ്ഥാനാര്‍ത്ഥിയേയും പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകരേയുമാണ് ദമ്പതികൾ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ നാലുചിറയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ തോട്ടപ്പള്ളിയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയും സംഘവും വോട്ടര്‍മാരെ കാണാന്‍ ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വലിയ വള്ളത്തില്‍ പുറക്കാട് പഞ്ചായത്ത് എഴാം വാര്‍ഡിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായ നാലുചിറ, ഇല്ലിച്ചിറ, ബണ്ടുചിറ എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു.
തോണിക്കടവ് ഭാഗത്തെ വീടുകള്‍ സന്ദര്‍ശിച്ച് വള്ളത്തിൽ തിരിച്ചുവരുമ്പോൾ നാലുചിറ തോട്ടംപാടത്തിന്റെ വടക്കു ഭാഗത്തെ മാന്തറ തോട്ടില്‍ വള്ളം മരക്കുറ്റിയിലിടിച്ചു. വള്ളത്തിന്റെ മധ്യഭാഗത്തെ പലക തകര്‍ന്ന് വെള്ളം അകത്തേക്ക് കയറാന്‍ തുടങ്ങിയതോടെ ആളുകൾ കൂകിവിളിച്ചു. ഇത് കേട്ട് ബണ്ടിലെ താമസക്കാരായ രജനീഷ് ഭവനില്‍ രാജേന്ദ്രനും ഭാര്യയും മറ്റൊരു വള്ളത്തില്‍ എത്തി ഇവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഈ സംഭവത്തോടെ എംപിയായാൽ പുതിയ പാലം നിർമിച്ചുതരുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
Post Your Comments