ചങ്ങനാശ്ശേരി : തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ എൻ.എസ്.എസ് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനു പിന്തുണകൊടുക്കുന്നതായി ഒരു ഇംഗ്ളീഷ് പത്രത്തിൽ വന്ന വാർത്ത തെറ്റാണെന്ന് എൻ.എസ്.എസ്. ശബരിമല വിഷയം സംബന്ധിച്ച എൻ.എസ്.എസിന്റെ അഭിപ്രായം നേരത്തെ തുറന്നു പറഞ്ഞതാണ്. രാഷ്ട്രീയമായി സമദൂര നിലപാടാണെന്ന കാര്യവും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിൽ യാതൊരു മാറ്റവുമില്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കുന്നു.
എൻ.എസ്.എസിനു വേണ്ടി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഡെക്കാൻ ക്രോണിക്കിൾ പത്രം തെറ്റിദ്ധാരണ ജനകമായ വാർത്ത പ്രചരിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞെന്നും ഇതിൽ എൻ.എസ്.എസിനു യാതൊരു പങ്കുമില്ലെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ശശിതരൂരിനെ പിന്തുണയ്ക്കുമെന്ന് ഡെക്കാൻ ക്രോണിക്കിൾ എന്ന ഇംഗ്ളീഷ് പത്രത്തിൽ വാർത്ത വന്നിരുന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാറിന്റെ പേരു പറഞ്ഞുള്ള ലേഖനമായിരുന്നു ക്രോണിക്കിളിൽ വന്നത്. ഇത് ചർച്ചയായതോടെയാണ് വിശദീകരണവുമായി എൻ.എസ്.എസ് നേതൃത്വം രംഗത്തെത്തിയത്.
Post Your Comments