ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി തന്റെ വൃക്ക വില്‍ക്കാന്‍ അനുവദിയ്ക്കണമെന്നും അല്ലാത്തപക്ഷം 75 ലക്ഷം രൂപ നല്‍കണമെന്നുമുള്ള ആവശ്യവുമായി മുന്‍ എംഎല്‍എയായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ ബലാഘട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമായ കിഷോര്‍ സ്മൃതിയാണ് വാരണാധികാരിയായ ജില്ലാകളക്ടറോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനു ചെലവക്കാന്‍ സാധിക്കുന്ന പരമാവധി തുകയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത് 75 ലക്ഷം രൂപയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു തന്റെ കൈയ്യില്‍ അത്രയും പണമില്ല. അതിനാല്‍ 75 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുകയോ വായ്പ നല്‍കാന്‍ ബാങ്കുകളോടു ആവശ്യപ്പെടുകയോ വേണമെന്ന് കിഷോര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതിനൊന്നും കഴിയുന്നില്ലെങ്കില്‍ തന്റെ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനാവശ്യമായ പണം ശേഖരിക്കാന്‍ കഴിയാത്തതിനാലാണ് സഹായം അഭ്യര്‍ത്ഥിച്ച് കിഷോര്‍ കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ ഇനി 15 ദിവസങ്ങള്‍ മാത്രമാണുള്ളത്. ചെറിയ സമയത്തിനുള്ളില്‍ ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് പണം ആവശ്യപ്പെട്ടതെന്നു കിഷോര്‍ എ.എന്‍.ഐയോട് പറഞ്ഞു.
Post Your Comments