കോട്ടയം തെരഞ്ഞെടുപ്പ് കാലത്തെ വിവാഹങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ടച്ച് . വിവാഹക്ഷണക്കത്ത് വൈറല്‍’. വേളൂര്‍ സ്വദേശി ശില്‍പയുടെയും കുമരകം സ്വദേശി അര്‍ജുന്റെയും വിവാഹക്ഷണക്കത്തിലാണ് തിരഞ്ഞെടുപ്പ് ആശയമായി ആവിഷ്‌ക്കരിച്ചത്. കോട്ടയം നിയോജക മണ്ഡലത്തില്‍ മെയ് 7ന് നടക്കുന്ന ഇവരുടെ വിവാഹചടങ്ങില്‍ പങ്കെടുത്തു വിജയിപ്പിക്കാനാണ് ക്ഷണക്കത്തില്‍ ആവശ്യപ്പെടുന്നത്. പ്രണയത്തിന്റെ അടയാളമായ ഹൃദയത്തിന്റെ മാതൃകയാണ് ഇവരുടെ ചിഹ്നം. വിവാഹവേദിയെ പോളിങ് ബൂത്ത് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോയിലും തിരഞ്ഞെടുപ്പു തന്നെയാണു വിഷയം. സ്ഥാനാര്‍ഥികള്‍ വീടുകളില്‍ ചെന്നു വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയില്‍ വധൂവരന്‍മാര്‍ നാട്ടുകാരെയും ബന്ധുക്കളെയും ക്ഷണിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കലും മറ്റു തിരഞ്ഞെടുപ്പു കോലാഹലങ്ങളും വിഡിയോയില്‍ കാണാം. മിനുക്കു പണികള്‍ തീര്‍ത്ത വിഡിയോ ഉടന്‍ പുറത്തിറക്കും.
വേളൂര്‍ മുണ്ടേപ്പറമ്പില്‍ ഗിരീഷ്-ബിന്ദു ദമ്പതികളുടെ മകളായ ശില്‍പ കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥയാണ്. കുമരകം കോയിക്കല്‍ച്ചിറ പവന്‍-പൊന്നമ്മ ദമ്പതിമാരുടെ മകനായ അര്‍ജുനും ബാങ്ക് ഉദ്യോഗസ്ഥനാണ്.
തിരഞ്ഞെടുപ്പിന്റെ ചൂട് സകല മേഖലകളിലേക്കും വ്യാപിക്കുകയാണ്. തിരഞ്ഞെടുപ്പു വിഷയമാക്കിയ വിവാഹക്ഷണക്കത്തുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പ്രിയ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വോട്ടു ചോദിച്ചുകൊണ്ടായിരുന്നു ആ ക്ഷണക്കത്തുകള്‍. എന്നാല്‍ വധുവിനും വരനും വോട്ടു ചോദിച്ചാണ് കോട്ടയത്തൊരു ക്ഷണക്കത്ത് ശ്രദ്ധ നേടുന്നത്. പരിപാടിയില്‍ പങ്കെടുത്ത് ഇവരെ വിജയിപ്പിക്കാനാണ് അഭ്യര്‍ഥന.
Post Your Comments