ന്യൂഡല്‍ഹി : കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങളെയും അതിശയിക്കുന്ന പ്രകടനവുമായി 2014ലെ നേട്ടത്തെയും കടത്തിവെട്ടിയാണ് എന്‍ഡിഎ മുന്നേറുന്നത്.
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ മുന്നേറ്റം നടത്തി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും മാത്രം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ മോദിയെ അഭിനന്ദിച്ചു.
വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം മുന്നേറ്റം തുടരുന്നത്. 344 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം ബിജെപി ഒറ്റയ്ക്ക് തനിച്ച് കേവല ഭൂരിപക്ഷം സ്വന്തമാക്കിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്ത് വന്നതോടെ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെല്ലാം അപ്രസക്തമായിരിക്കുകയാണ്.
ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നതാണ് സൂചനകള്‍. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകിട്ട് 5.30ന് ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം ദൃശ്യം. എസ്പിയും ബിഎസ്പിയും സഖ്യമായി മല്‍സരിച്ച ഉത്തര്‍പ്രദേശില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്.
Post Your Comments