തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം മാത്രം. ഏപ്രില്‍ 23നാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ഇത്തവണ കോണ്‍ഗ്രസിനും എന്‍ഡിഎയക്കും വേണ്ടി പ്രചാരണത്തിന് നേരിട്ട് ഇറങ്ങുന്നത് ദേശീയ നേതാക്കളാണ്.
തിരുവനന്തപുരത്ത് ഇത്തവണ മത്സരം തീ പാറും. ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് ഇത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്താനും ശശി തരൂരിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനും ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങുകയാണ്. ഇതിനായി നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയെ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രച്രാരണത്തിന്റെ മേല്‍നോട്ടത്തിനായി നിയോഗിച്ചു. മണ്ഡലത്തിലെ പ്രചാരണം വിലയിരുത്താന്‍ മുകുള്‍ വാസ്‌നിക്കും നാളെ തിരുവനന്തപുരത്ത് എത്തും. മണ്ഡലത്തിലെ പ്രാദേശികതലങ്ങളിലെ പ്രവര്‍ത്തനങ്ങളും സജീവമായി തുടങ്ങിയിട്ടുണ്ട്.
കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനായ നാനാ പട്ടോളെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന നാഗ്പൂരില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ വിറപ്പിക്കുന്ന മത്സരമാണ് കാഴ്ചവെച്ചത്. മുന്‍ ആര്‍.എസ്.എസ് നേതാവ് കൂടിയായ നാനാ പട്ടോളെക്ക് ആര്‍.എസ്.എസ് തന്ത്രങ്ങള്‍ക്ക് മറു തന്ത്രങ്ങള്‍ മെനയാന്‍ കഴിയുമെന്നതിനാലാണ് തിരുവനന്തപുരത്തെ പ്രചാരണങ്ങളുടെ ചുക്കാന്‍ ഏല്‍പിച്ചത്.
നാളെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനൊപ്പം പട്ടോളെയും തിരുവനന്തപുരതെത്തും. രാവിലെ 10 ന് കെ.പി.സി.സി യില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പാര്‍ലമെന്റെറി മണ്ഡലത്തില്‍പ്പെട്ട എംഎല്‍എ-മാര്‍, കെ.പി.സി.സി ഭാരവാഹികള്‍ , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ എന്നിവരോടും പങ്കെടുക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവലോകന യോഗത്തിന് ശേഷം പഴുതടച്ച പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കും.
Post Your Comments