തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് നേതാവിന്റെ അനുയായികൾ പ്രചാരണത്തിൽനിന്ന് മുങ്ങുന്നെന്ന ആരോപണം ഉയരുന്നു. പ്രവർത്തനങ്ങളിൽനിന്ന് ഒളിച്ചോടുന്നവർക്കെതിരെ പരാതികൊടുക്കുമെന്ന് ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷാണ് തന്റെ കീഴിലെ മണക്കാട് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരെ പരാതി കൊടുക്കുമെന്ന് പോസ്റ്റിട്ടത്. ഡി.സി.സി യോഗത്തിൽ വിഷയം വിവാദമായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. ബുധനാഴ്ച സതീഷിനെ മണക്കാട് മണ്ഡലം കമ്മിറ്റിയുടെ ചുമതലയിൽനിന്ന് മാറ്റി.
തെരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ശേഷിക്കേയാണ് കോൺഗ്രസിൽ ആഭ്യന്തര കലഹം. പല വാർഡുകളിലും സ്ക്വാഡ് പ്രവർത്തനം സജീവമല്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. എൽ.ഡി.എഫിന്റെ സി. ദിവാകരൻ, ബി.ജെ.പിയുടെ കുമ്മനം രാജശേഖരൻ എന്നിവരിൽനിന്ന് കടുത്ത മത്സരമാണ് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ നേരിടുന്നത്. ഇതിനിടെയിലാണ് ഇത്തരമൊരു പ്രശ്നം ഉടലെടുത്തിരിക്കുന്നത്.
Post Your Comments