Election News

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സംശയാസ്പദമായ പണമിടപാട് ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കാന്‍ നിര്‍ദേശം

കാസർഗോഡ്: നിലവില്‍ പണമിടപാട് കുറഞ്ഞ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് വന്‍ തുക, ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും സംശയാസ്പദമായി ആരെങ്കിലും നിക്ഷേപിക്കുകയോ ഒരേ ബാങ്ക് അക്കൗണ്ടില്‍ നിന്നും നിരവധി അക്കൗണ്ടുകളിലേക്ക് സംശയാസ്പദമായി പണമിടപാട് നടക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇത്തരം വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡീക്ച്ചര്‍ മോണിറ്ററിങ്ങ് നോഡല്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ പ്രമോദ്കുമാര്‍ നിര്‍ദേശിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടുകള്‍ തടയുന്നതിനും സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് നിലവില്‍ ബാങ്ക് അധികൃതര്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനുമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന ജില്ലയിലെ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനി വരുന്ന ഓരോ ദിനത്തിലും സംശയാസ്പദമായി ബാങ്ക് വഴി പണമിടപാട് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതേക്കുറിച്ച റിപ്പോര്‍ട്ട് പ്രതിദിനം സമര്‍പ്പിക്കണം. സംശയാസ്പദമായി പണമിടപാട് നടക്കുന്നില്ലെങ്കിലും കമ്മിറ്റി മുമ്പാകെ അറിയിക്കണം. expendituremonitoringksd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്കാണ് റിപ്പോര്‍ട്ടുകള്‍ അയക്കേണ്ടത്. ബാങ്കുകള്‍ ഈ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും നടക്കുന്ന പത്ത് ലക്ഷത്തിന് മേലെയുള്ള പണമിടപാടുകള്‍ ഇന്‍കം ടാക്സ് വിഭാഗം നിരീക്ഷിക്കുന്നുണ്ടെങ്കിലും അവകൂടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണപരിധിയിലാണ്. എടിഎം മെഷീനിലേക്കുള്ള പണം കൊണ്ടുപോകുന്നവര്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കൊണ്ടുപോകുന്ന പണവുമായി ബന്ധപ്പെട്ട രേഖകളും കരുതണം. പണം കൊണ്ടുപോകുന്ന വണ്ടിയില്‍ മറ്റ് സ്വകാര്യ വ്യക്തികളുടെ പണം സൂക്ഷിക്കാന്‍ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button