കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജനെതിരെയുള്ള കൊലയാളി പരാമർശത്തിൽ ആര്‍.എം.പി നേതാവ് കെ.കെ രമയെ തിരഞ്ഞെടുപ്പ് കമീഷൻ വിളിച്ചു വരുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
“കൊലക്കേസ് പ്രതിയെ മറ്റെന്ത് പേരിട്ട് വിളിക്കുമെന്ന് സി.പി.എം വ്യക്തമാക്കട്ടെയെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ലെന്നുമായിരുന്നു കമ്മീഷന് മുന്നിൽ ഹാജരായ ശേഷമുള്ള കെ.കെ രമയുടെ പ്രതികരണം. പരാതിയുടെ കോപ്പി വാങ്ങിയിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും കെ.കെ രമ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു കെ.കെ രമ മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുമ്ബാകെ ഹാജരായത്.
ആര്‍ എം പി നേതാവ് കെ. കെ രമ പി ജയരാജനെ കൊലയാളിയെന്ന് പരാമർശിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പരാതിയെ തുടർന്ന്‍ രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് ആരോപിച്ച് രമ ഉള്‍പ്പടെ ആര്‍എംപി മൂന്ന് നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരിരുന്നു.
Post Your Comments