ജില്ലയിലെ പോളിംഗ് ബൂത്തുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും വോട്ട് സ്മാര്‍ട്ട് എന്ന ആപ്പിലൂടെയാണ് ഇതു സാധ്യമാകുക. പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍, ബിഎല്‍ഒമാര്‍, ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ബന്ധപ്പെടേണ്ട നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും. കൂടാതെ പോളിംഗ് ബൂത്തുകളുടെ ജിപിഎസ് ലൊക്കേഷനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ സഹായിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ആപ്പിലുണ്ട്. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുന്‍കൈയെടുത്താണ് ആപ്പ് തയാറാക്കിയിട്ടുള്ളത്. വോട്ടിംഗ് ശതമാനം കൂട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കുക എന്നതാണ് അപ്പു കൊണ്ട് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആപ്പ് സജ്ജമാക്കുന്നത് കേരളത്തില്‍ ഇത് ആദ്യമായാണ്. പൊതുജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഈ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താം. ക്വിസ് മത്സരമാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. ഏപ്രില്‍ 17 മുതല്‍ 23 വരെയാണ് ക്വിസ് മത്സരം. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ദിവസവും രാത്രി ആറു മുതല്‍ ഒന്‍പതു വരെ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വിജയികളെ എല്ലാദിവസവും രാത്രി 10ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 2500 രൂപയുമാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിംഗ് ശതമാനം പ്രവചിക്കുന്നവര്‍ക്ക് 25000 രൂപ സമ്മാനം നേടാനും അവസരമുണ്ട്. റൂട്ട് ഫൈവ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയിലെ ബ്ലെസ്സന്‍ കുര്യന്‍ തോമസ്, അഭിഷേക് രാജ്, എസ് ശ്യാംമോന്‍ എന്നീ യുവ സംരംഭകരാണ് ആപ്പ് സജ്ജമാക്കിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ഗൂഗിള്‍ പ്ലൈസ്റ്റോറില്‍ വോട്ട് സ്മാര്‍ട്ട് ആപ്പ് ലഭ്യമാണ്.
Post Your Comments