തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും മോദിയുടെ പെരുമാറ്റച്ചട്ടമാണ് കമ്മീഷന്‍ നടപ്പിലാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കമ്മിഷന്‍ നടപടികളെ ചോദ്യം ചെയ്ത് രംഗത്തുവന്നു.
യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെയും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെതിരെയുമുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ സ്വീകരിച്ച മൃദു സമീപനത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞത്. സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച ആദിത്യനാഥിന് മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉപദേശം നല്‍കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.
കോണ്‍ഗ്രസിന്റെ മിനിമം വരുമാനപദ്ധതി അപ്രായോഗികമെന്ന് പരസ്യമായി പ്രതികരിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്റെ നടപടിയും ചട്ടലംഘനമായി കണ്ടെത്തിയെങ്കിലും അതൃപ്തി അറിയിക്കുന്നതിലൊതുക്കി കമ്മീഷന്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിന് പകരം മോദി പെരുമാറ്റച്ചട്ടമാണ് കമ്മീഷന്‍ നടപ്പിലാക്കുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. കമ്മീഷന്‍ സത്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ട്വീറ്റ് ചെയ്തു. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് സോണിയ ഗാന്ധി ആരോപിച്ചു.
Post Your Comments