CinemaLatest NewsNEWSShooting In Progress

‘ബ്രഹ്മപുരം’ തീപിടിത്തം സിനിമയാകുന്നു, ‘ഇതുവരെ’ ചിത്രീകരണം ആരംഭിച്ചു

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവൻ ഷാജോൺ നായകനാകുന്ന ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനിൽ തോമസാണ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെതുടർന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യുന്ന ചിത്രത്തിന് മറയൂരിൽ തുടക്കമായി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തുടക്കം മുതൽ ഇതുവരെ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇടയ്ക്കിടെ തീപിടിത്തമുണ്ടാകാറുണ്ടെങ്കിലും ഇക്കുറി തീപിടിത്തം കൊച്ചിയെ ശ്വാസം മുട്ടിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തീപിടിത്തവും വായു മലിനീകരണവും ഉണ്ടാകുന്നത്. ബ്രഹ്മപുരത്തുനിന്ന് മാലിന്യം മാറ്റുന്നതിന് ബയോമൈനിങ്ങിന് 54 കോടിയോളം ചെലവിൽ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയിരുന്നു. ബയോമൈനിങ് പ്രവർത്തനങ്ങൾ അവിടെ നടക്കുമ്പോഴാണ് മാലിന്യത്തിന് തീ പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിക്കിടക്കുന്ന ഭാഗത്താണ് തീ പടർന്നത് എന്നതിനാല്‍ വായു ആദ്യം തന്നെ മലിനമായി. തീ പടര്‍ന്നതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിഷപ്പുക പ്രദേശമാകെ നിറഞ്ഞു. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം തീ പടർന്നു. ഇരുമ്പനം ഭാഗത്തേക്കും കാറ്റ് വീശിയതോടെ അമ്പലമേട് ഭാഗത്തേക്കും പരന്നു. തുടർന്ന് നിരവധി പേർക്ക് അസ്വസ്ഥത ഉണ്ടായി. വിഷപ്പുകയുടെ ബുദ്ധിമുട്ട് കാരണം പലരും നഗരം വിട്ട് മാറിത്താമസിക്കുകയാണ്. 2019-ലെ തീപിടിത്തത്തിൽ പുക ശ്വസിച്ച് ഇരുമ്പനത്ത് നിരവധിപ്പേർ ചികിത്സ തേടിയിരുന്നു.

‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനിൽ. അനിൽ തന്നെയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ടൈറ്റസ് പീറ്റർ ആണ് നിർമാണം.

shortlink

Related Articles

Post Your Comments


Back to top button