Latest NewsMollywoodNew ReleaseNEWS

മമ്മൂട്ടിയുടെ ‘വണ്‍’ ഒടിടി റിലീസിനില്ല, എത്തുക തിയേറ്ററില്‍ തന്നെ

ലോക്ക് ഡൗണില്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നരണിപ്പുഴ ഷാനവാസിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനാവുന്ന സൂഫിയും സുജാതയും ഒടിടി റിലീസിന് തയ്യാറെടുത്തതോടെ വന്‍ സംവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് മറ്റു അന്യഭാഷ ചിത്രങ്ങള്‍ക്കൊപ്പം ഈ സിനിമ റിലീസ് ചെയ്യുക. ഇതേ തുടര്‍ന്ന് റിലീസ് ആവാനിരിക്കുന്ന മലയാള സിനിമകളുടെ നിര്‍മ്മാതാക്കള്‍ നേരിടുന്ന ഒരു ചോദ്യം നിങ്ങളുടെ സിനിമ ഒടിടി റിലീസിന് നല്‍കുന്നുണ്ടോ എന്നാണ്. പല നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ഇച്ചായീസ് പ്രൊഡക്ഷന്‍സ് അത്തരത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്

തങ്ങളുടെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യുന്നില്ലെന്നും കോവിഡ് ഭീതി മാറിയതിനു ശേഷം തീയേറ്ററുകള്‍ വഴി തന്നെയാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. അത് വരെ എല്ലാവര്‍ക്കും സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കുറിപ്പ്

പ്രിയപ്പെട്ടവരെ, വണ്‍ എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്തുത ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തില്‍, നമ്മള്‍ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയില്‍ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകള്‍ വഴി തന്നെ വണ്‍ റിലീസ് ചെയ്യണമെന്നാണ് ഞങ്ങള്‍ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവര്‍ക്കും സര്‍ക്കാര്‍ അനുശാസിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വണ്‍ !

കേരള മുഖ്യമന്ത്രി ‘കടയ്ക്കല്‍ ചന്ദ്രന്റെ’ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. ഈ വേനലവധിക്കാലത്ത് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button