ഭോപ്പാല്‍: ലഹരിമരുന്നു കടത്ത് പ്രമേയമായ ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്കി. ചിത്രത്തില്‍ നിന്ന് 13 സീനുകള്‍ നീക്കം ചെയ്യാനും നിര്‍ദേശിച്ചു.
നേരത്തെ, 89 സീനുകള്‍ നീക്കംചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം വിവാദമായിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നുള്ളതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ജോലിയെന്ന് ഹൈക്കോടതിയുടെ നിരീക്ഷണവും വന്നിരുന്നു.
ബോര്‍ഡിലെ ഒന്‍പത് അംഗങ്ങള്‍ സിനിമ കണ്ടെന്നും 13 സീനുകള്‍ നീക്കം ചെയ്ത് എ സര്‍ട്ടിഫിക്കറ്റ് നല്കാന് ഏകകണ്ഠമായി തീരുമാനം എടുത്തെന്നും സെന്‍സര്‍ബോര്‍ഡ് ചെയര്മാന് പഹ്ലജ് നിഹലാനി ഇന്നലെ അറിയിച്ചു. സി.ബി.എഫ്.സിയുടെ ജോലി കഴിഞ്ഞു. ഇനി കോടതിയെയോ ട്രൈബ്യൂണലിനെയോ സമീപിക്കുന്ന കാര്യം നിര്‍മാതാക്കളുടേതാണ്. ഞങ്ങള്‍ ഉത്തരവു നടപ്പാക്കി, പഹ്ലജ് കൂട്ടിച്ചേര്‍ത്തു.
ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ ഖാന് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പഞ്ചാബിലെ യുവാക്കളുടെ ഇടയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചാണ് പറയുന്നത്. അഭിഷേക് ഛൗബേയാണ് സംവിധാനം. ഈ മാസം 17ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.
Post Your Comments