കൊച്ചി: സിനിമയിലെ തിരക്ക് കാരണം നടി ലക്ഷ്മി മേനോന് പഠിത്തം നിര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ലക്ഷ്മിയുടെ കുടുംബം പറഞ്ഞു. തേവര സേക്രട്ട് ഹാര്‍ട്ട് (എസ്.എച്ച്) കോളജിലായിരുന്നു ലക്ഷ്മി പ്ലസ് ടുവിന് ശേഷം ചേര്‍ന്നത്. എപ്പോഴും ക്ലാസില്‍ വരാന്‍ സാധിക്കില്ല എന്ന് അറിയാമായിരുന്നതിനാല്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ കോഴ്സായിരുന്നു തെരഞ്ഞെടുത്തത്. ക്ലാസില്‍ പോയില്ലെങ്കിലും പുസ്തകം വായിച്ച് പരീക്ഷ എഴുതാമെന്നായിരുന്നു കരുതിയിരുന്നത്.
അജിത്ത് ചിത്രം വേതാളം, ജയം രവി ചിത്രം മിരുഥന് തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ് സമയത്ത് കോളജില്‍ പോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, കര്‍ശനമായി വ്യവസ്ഥകള്‍ പാലിക്കുന്ന എസ്.എച്ച്. കോളജില്‍ ഹാജരില്ലാതെ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. അതിനാല്‍ ഹാജര്‍ പ്രശ്നം ഉണ്ടായി. ഇതേ തുടര്‍ന്ന് കോളജില്‍ പതിവായി പോകുന്നത് അവസാനിപ്പിച്ച് ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) യില്‍ ബി.എ പഠനത്തിനായി രജിസ്റ്റര്‍ ചെയ്തു. ഡിസംബറിലാണ് ഇഗ്നോയുടെ സെമസ്റ്റര്‍ പരീക്ഷകളെന്ന് ലക്ഷ്മിയുടെ മുത്തശ്ശി ഇന്ദിരാ മേനോന് പറഞ്ഞു.
തൃപ്പുണിത്തുറ ആര്.എല്‍.വി മ്യൂസിക് കോളജില്‍ അധ്യാപികയായിരുന്ന ഇന്ദിരാ മേനോന് റിട്ടയര്‍മെന്റ് ജീവിതത്തിലാണ്. ലക്ഷ്മിയുടെ അമ്മയ്ക്ക് ജോലി ഉള്ളതിനാല്‍ മകള്‍ക്കൊപ്പം ഷൂട്ടിങ് സ്ഥലത്ത് പോകാന്‍ സാധിക്കില്ല. അതുകൊണ്ട് മുത്തശ്ശിയാണ് കൊച്ചുമകള്‍ക്കൊപ്പം പോകുന്നത്. നിലവില്‍ കുംഭകോണത്തെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ഇരുവരും ഇന്ന് വൈകിട്ട് നാട്ടിലേക്ക് തിരിക്കും. വിജയ് സേതുപതി ചിത്രം രക്കയിലാണ് ലക്ഷ്മി ഇപ്പോള്‍ അഭിനയിക്കുന്നത്.
Post Your Comments