ബിക്കിനി വിവാദത്തെ തുടര്‍ന്ന് നടിയുടെ പൂട്ടിപ്പോയ പേജ് അണ്‍ലോക്ക് ചെയ്ത് വേരിഫൈഡ് പേജാക്കാന്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടത് വമ്പന്‍ തുക. മോഡലും നടിയുമായ ആര്‍ഷി ഖാന്റെ പേജ് വേരിഫൈഡ് ആക്കാന്‍ രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിന്റെ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് തനിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായതെന്ന് ഇവര്‍ പറയുന്നു.
ബിക്കിനിക്ക് മുകളില്‍ ബുര്‍ഖ ധരിച്ചു നില്‍ക്കുന്ന യുവതിയുടെ ചിത്രം ആര്‍ഷിഖാന്റെ പേജിലൂടെ കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ ചിത്രം ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി മതവിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കി. മുസ്ലീംങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജമ്മുവിലെ മതപണ്ഡിതര്‍ ഇവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ പേജ് ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു.
എന്നാല്‍ ഈ ഫോട്ടോകള്‍ തന്റേതല്ല എന്നാണ് ആര്‍ഷിഖാന്‍ പറയുന്നത്. ബിക്കിനിയിട്ട ഒരു യുവതിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ഇത്തരം ഫോട്ടോകള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്ന് കമന്റ് ചെയ്തിരുന്നതായും എന്നാല്‍ അത് കാണാതെയാണ് ആളുകള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും നടി പറയുന്നു. ഈ പേജ് വീണ്ടും തുറക്കുന്നതിനായി താന്‍ പണം നല്‍കില്ലെന്ന് ആര്‍ഷിഖാന്‍ പറയുന്നു. അനധികൃതമായി നല്‍കുന്ന പണത്തിനു ബില്‍ അടക്കമുള്ള രേഖകള്‍ ഉണ്ടാവില്ല. സൗജന്യ സേവനമായ ഫേസ്ബുക്ക് ഇങ്ങനെ ചെയ്യുന്നത് അഴിമതിയാണെന്നും കടുത്ത അനീതി പൊറുക്കാനാവില്ലെന്നും അവര്‍ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments