ഇനി ജെയിംസ് ബോണ്ടാകാന്‍ താനില്ലെന്ന് പറഞ്ഞ് നിര്‍മ്മാതാക്കള്‍ മുന്നോട്ടു വച്ച 68-മില്ല്യണ്‍ പൗണ്ടിന്റെ ഓഫര്‍ ഡാനിയല്‍ ക്രെയ്ഗ് നിരസിച്ചതോടെ അടുത്ത ബോണ്ട് ആരാണെന്ന ചര്‍ച്ചയിലാണ് സിനിമാലോകം. ജംഗിള്‍ ബുക്കിലെ ഷേര്‍ഖാനെ തന്റെ ശബ്ദഗാംഭീര്യത്തിലൂടെ ഉജ്ജ്വലമാക്കിയ ഐഡ്രിസ് എല്ബയാകും അടുത്ത ബോണ്ടെന്ന് വളരെ നാളുകളായി അഭ്യൂഹങ്ങളുണ്ട്. പക്ഷേ ടോം ഹിഡില്‍സ്റ്റണ്‍, ഡാമിയന്‍ ലൂയിസ്, ജയ്മി ബെല്‍ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുള്ളതായി വാര്‍ത്തകളുണ്ട്.
പക്ഷേ, ഇപ്പോള്‍ പുറത്തു വരുന്ന പുതിയൊരു വാര്‍ത്തയനുസരിച്ച് ജെയിംസ് ബോണ്ട് എന്ന അല്‍പ്പം വില്ലത്തരം ഒക്കെയുള്ള “സൂപ്പര്‍ സ്പൈ”ക്കു പകരം അതേ സ്വഭാവവിശേഷങ്ങളുള്ള ഒരു വനിതാ എജന്റ് ആയിരിക്കും ഇനി “007” ആകുകയെന്നാണ്. വാര്‍ത്ത ചൂടു പിടിച്ചതോടെ “എക്സ്-ഫയല്‍സ്” നായിക ഗില്ലിയന്‍ ആന്ഡേഴ്സണ് തനിക്ക് വനിതാ ബോണ്ടാകാന്‍ താത്പര്യം ഉണ്ടെന്ന് കാണിച്ച് ഒരു ഫാന്‍-പോസ്റ്ററുമായി രംഗത്ത് വന്നു.
പക്ഷേ, ഇന്ത്യന്‍ ബോണ്ട് ആരാധകരെ സംബന്ധിച്ച് ആവേശകരമായ ഒരു വാര്‍ത്ത കൂടി ഇതിനോടനുബന്ധിച്ച് പുറത്തു വന്നിട്ടുണ്ട്. “ക്വാണ്ടിക്കോ” എന്ന ത്രില്ലര്‍ സീരിസിലൂടെ ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നമ്മുടെ സ്വന്തം പ്രിയങ്കാ ചോപ്രയേയും ജെയ്ന്‍ ബോണ്ടാകാന്‍ പരിഗണിച്ചേക്കും എന്ന വാര്‍ത്തയാണ് അത്. ഈയിടെ ഒരു അഭിമുഖത്തില്‍ ബോണ്ട് നായികയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി “എനിക്ക് ബോണ്ടായിത്തന്നെ അഭിനയിക്കാനാണ് താത്പര്യം” എന്നാണ്.
Post Your Comments