പ്രവീണ്‍ പി.നായര്‍
വിനീത് ശ്രീനിവാസന്‍ ആദ്യം മലര്‍വാടി എന്ന സൗഹൃദ സിനിമ പറഞ്ഞു. പിന്നീടു കേരളത്തെ പ്രണയിപ്പിച്ച പ്രേമക്കഥ മൊഴിഞ്ഞു. മൂന്നാം വരവ് തിര എന്ന ത്രില്ലറുമായിട്ടായിരുന്നു. നാലാമത് മറ്റൊരു സംവിധാനത്തിന്‍ കീഴില്‍ ഒരു തിരക്കഥ എഴുതി നല്‍കി. ശ്രീനിവാസന്‍ പ്രതിഭ തെളിയിച്ചു കടന്നു പോയ അതേ വഴിയിലാണിപ്പോള്‍ മകന്‍ വിനീത് ശ്രീനിവാസനും പ്രതിഭ തെളിയിച്ചു ജ്വലിച്ചു നില്‍ക്കുന്നത്. അച്ഛന്‍ അഭിനയത്തിന്‍റെയും, എഴുത്തിന്‍റെയും ഗൗരവത്തിലേക്കാണ് ശ്രദ്ധ പതിപ്പിച്ചതെങ്കില്‍ മകന്‍ സംവിധാനവും, പാട്ടും, അഭിനയവും, എഴുത്തുമൊക്കെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്.
നല്ല നല്ല സിനിമകളിലൂടെ പ്രേക്ഷക പ്രീതി അങ്ങേയറ്റം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന നിവിന്‍ പോളി എന്ന നടന്‍റെ കൈപിടിച്ചാണ് വിനീത് ശ്രീനിവാസന്‍ ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം ഒരുക്കിയത്. സിനിമയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാന്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ സഹായിച്ചിരുന്നു. ഒരു കുടുബത്തില്‍ വട്ടം കറങ്ങുന്ന സിനിമയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യം എന്ന് രണ്ട് മിനിറ്റിലെ ട്രെയിലര്‍ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. ഗൗതം മേനോന്‍ ടച്ചില്‍ നിന്ന് വിനീത് ഒരു സത്യന്‍ അന്തികാടന്‍ ടച്ചിലേക്ക് മാറപ്പെടുകയാണോ?
യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സ്വര്‍ഗ്ഗരാജ്യം എന്ന് നേരെത്തെ കേട്ടിരുന്നു. യഥാര്‍ത്ഥ പ്രണയത്തിന്‍റെ കഥ പറഞ്ഞ മൊയ്തീന്‍ ഒരു വിങ്ങലായി മാറിയിട്ട് നാളുകള്‍ അധികമായിട്ടില്ല. സിനിമയെ സിനിമയായി തന്നെ കാണാനും അത് അങ്ങനെ തന്നെ മറക്കാനുമാണ് ഇഷ്ടം. പക്ഷേ ഇപ്പോള്‍ അത് സാധ്യമാകുന്നില്ല കാരണം സിനിമകളും ജീവിതങ്ങളാണ്. നല്ല പച്ചയായ ജീവിതങ്ങള്‍. വിനീത് കൂട്ടിക്കൊണ്ടുപോകാന്‍ പോകുന്ന സ്വര്‍ഗ്ഗരാജ്യം സ്ക്രീനില്‍ തെളിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രമേയുള്ളൂ. യുവത്വത്തിനു ഹരമേകുന്ന സിനിമയല്ല ഇതെന്ന് മിക്ക ഫ്രീക്കന്‍മാരും മനസിലാക്കി കഴിഞ്ഞത് കൊണ്ടാകണം തീയറ്ററില്‍ തിരക്ക് അല്‍പം കുറവായിരുന്നു. സ്ക്രീനില്‍ വിനീത് ശ്രീനിവാസന്‍ & ഫ്രണ്ട്സ് എന്ന് എഴുതി കാണിച്ചപ്പോള്‍ ഓരോ പ്രേക്ഷകരും നിലക്കാത്ത കയ്യടി നല്‍കി. ഒരു കലാകാരന് ഇതില്‍പ്പരം എന്ത് ആനന്ദം ലഭിക്കനാണ്.
‘ഇനി സ്വര്‍ഗ്ഗ രാജ്യത്തിലേക്ക്’
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം വിനീത് ശ്രീനിവാസന്‍ പ്രേക്ഷകരിലേക്ക് തുറന്നുകൊടുത്തു. മകന് ഭാവിയിലേക്കുള്ള ഊര്‍ജ്ജം പകര്‍ന്നു കൊടുക്കുന്ന അച്ഛന്‍റെ ചിത്രമാണ് ആദ്യം സ്ക്രീനില്‍ തെളിഞ്ഞത്. ജേക്കബ് എന്ന വ്യക്തിയുടെ കുടുംബത്തിന് നടുവിലേക്കാണ് പ്രേക്ഷകര്‍ പിന്നെ കസേരയിട്ടിരുന്നത്. ജേക്കബ്, ജേക്കബിന്‍റെ ഭാര്യ ഷേര്‍ളി ഇവരുടെ മക്കളായ ജെറി, എബിന്‍, അമ്മു, ഇവരുടെയൊക്കെ കുഞ്ഞനിയനായ മുത്ത്, ഇതാണ് ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിലെ അംഗങ്ങള്‍. ഈ സന്തുഷ്ട ഫാമിലിയുടെ ചിത്രം വരച്ചു ചേര്‍ത്താണ് ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം ചലിച്ചു തുടങ്ങിയത് .
നിവിന്‍ പോളി എന്ന താരാ പരിവേഷമുള്ള നടനെ വിനീത് ഭംഗിയുള്ള ഒരു നടനായി നുള്ളി മാറ്റിയത് കാണാന്‍ വളരെ രസമുണ്ടായിരുന്നു. രണ്‍ജി പണിക്കര്‍ അവതരിപ്പിച്ച ജേക്കബിന്‍റെ വഴിയിലാണ് സിനിമയുടെ സഞ്ചാരം. ജേക്കബിനു കുടുംബത്തിനോടുള്ള ആത്മാര്‍ത്ഥതയും സ്നേഹവും നല്ല ദൃശ്യങ്ങളാല്‍ വിനീത് തുറന്നു കാട്ടി. അതിന് ഇണങ്ങുന്ന പിന്നണി ഈണം കൂടി ചേര്‍ന്നപ്പോള്‍ സ്വര്‍ഗ്ഗരാജ്യത്തിലെ അംഗങ്ങളും, രംഗങ്ങളും ഖല്‍ബില്‍ കയറി ഇരിപ്പായി. ഇടയില്‍ ഒരു ഓണപ്പാട്ട് കൂടി തിരുകിയപ്പോള്‍ മലയാള മണം തീയറ്ററില്‍ ആകെ പരന്നു.കുടുംബത്തിനുള്ളില്‍ ആഘോഷവും, സന്തോഷവും പിന്നിടുന്ന നാളുകള്‍ക്കിടയില്‍ ജേക്കബിനു ഒരു കറുത്ത അദ്ധ്യായം നേരിടേണ്ടി വന്നു. സ്റ്റീല്‍ വ്യവസായിയായ ജേക്കബ് ബിസിനസ്സ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരാളുടെ പറ്റിക്കലിന് ഇരയാകുന്നു. ഈ സന്ദര്‍ഭങ്ങളില്‍ എല്ലാം തന്നെ തന്‍റെ കുടുംബത്തിനോടുള്ള ആത്മാര്‍ത്ഥ പ്രതിബദ്ധത ജേക്കബില്‍ വിനീത് ശ്രീനിവാസന്‍ ഭംഗിയായി വരച്ച് ചേര്‍ത്തിട്ടുണ്ട്. ഈ തിരിച്ചടി ജേക്കബിന്‍റെ കുടുംബത്തെ സാരമായി ബാധിക്കുന്നു. ഈ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ജേക്കബിന്‍റെ മൂത്തമകന്‍ ജെറിയും കുടുംബവും നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. കുറച്ചു പണം സംഘടിപ്പിക്കാനായി ലിബിയയിലേക്ക് പോകുന്ന ജേക്കബ് പിന്നെയവിടെ കുടുങ്ങി പോകുകയാണ്. പിന്നീട് സ്ക്രീനില്‍ നിന്ന് ജേക്കബ് അപ്രത്യക്ഷനാകുന്നുണ്ടെങ്കിലും രണ്‍ജി പണിക്കരുടെ ഈ കഥാപാത്രം നമ്മുടെ ഹൃദയത്തില്‍ ഇടയ്ക്ക് ഇടയ്ക്ക് തൊട്ടു കൊണ്ടേയിരിക്കും. മലയാള സിനിമയില്‍ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ഹൃദയ സ്പര്‍ശിയായ കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ ജേക്കബ് എന്ന് നിസംശയം പറയാം.
‘സംവിധാന മേന്മ’
വേറിട്ടൊരു സംവിധാന മഹിമ വിനീതില്‍ കത്തി നില്‍ക്കുന്നത് ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തില്‍ കാണാം. ഓരോ ദൃശ്യവും നുറുങ്ങു തമാശകള്‍ ചേര്‍ത്തും, കണ്ണീരില്‍ കുതിരാത്ത നൊമ്പരങ്ങള്‍ ചേര്‍ത്തും വിനീത് കൊളുത്തിവെച്ചപ്പോള്‍ പ്രേക്ഷക മനസ്സുകള്‍ അതിനെ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. ഏറ്റവും സുന്ദരമായി എഴുതുന്നതൊടൊപ്പം ഏറ്റവും ഭംഗിയോടെ തന്നെ വിനീത് സിനിമയും ചിത്രീകരിക്കും എന്നുള്ളത് വലിയൊരു മികവു തന്നെയാണ്.
‘വിനീതിലെ എഴുത്തിന്‍റെ ഭംഗി’
സംഭാഷണങ്ങള്‍ രചിക്കുന്നതിലെ ശ്രീനിവാസനിലെ വൈഭവം വിനീതിനെയും പിടികൂടിയിട്ടുണ്ട്. വിനീതിന്‍റെ മികച്ച സംഭാഷണ രചന സിനിമയുടെ കരുത്താണ്. തിരക്കഥ ശ്രദ്ധയോടെ തന്നെയാണ് എഴുതി ചേര്‍ത്തിരിക്കുന്നത്. വിനീത് പാടിയാലും, സംവിധാനം ചെയ്താലും, അഭിനയിച്ചാലും, ഇതിനെല്ലാം മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അയാളിലെ എഴുത്ത് തന്നെയാണ്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം തന്നെയാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം.
‘ചിത്രത്തിലെ പോരായ്മകള്‍’
അശ്വിന്‍ കുമാര്‍ എന്ന നടന്‍റെ അഭിനയം മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ഇടയ്ക്ക് എപ്പോഴോ സിനിമയുടെ സ്വഭാവത്തിന് ചേരാത്ത വിധമുള്ള അമിതാ അഭിനയം പ്രകടമാക്കുന്നുണ്ട്. നിവിന്‍ പോളി ചെയ്ത ജെറിയുടെ ചില ഡയലോഗ് പ്രസന്‍റേഷന്‍ കുഞ്ഞു പോരായ്മയായി അനുഭവപ്പെട്ടു. ജെറി സ്നേഹിക്കുന്ന ചിപ്പി എന്ന പെണ്‍കുട്ടിയ്ക്ക് കുറച്ചു കൂടി പ്രാധാന്യം സിനിമയില്‍ നല്‍കാമായിരുന്നു.
‘ജേക്കബിന്‍റെ അഭിനയം’
രണ്‍ജിപണിക്കര്‍ അഭിനയം അസാധ്യമാക്കി മിന്നി തിളങ്ങുന്നുണ്ട്.
എഴുത്തിലെ തീപ്പൊരി പോലെ അഭിനയത്തിലും തീപ്പൊരി പാറുന്നുണ്ട്. ഒരു സംവിധായകനും, എഴുത്തുകാരനും ചിന്തിക്കുന്നതിനപ്പുറം അയാളിലെ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഒരു നടന് കഴിയുന്നുണ്ടെങ്കില്‍ അതാണ് വിജയം. ആ വിജയം വീണ്ടും ആവര്‍ത്തിക്കുകയാണ് രണ്‍ജി പണിക്കര്‍. ഈ സിനിമയുടെ കാതല്‍ എന്തെന്ന് ചോദിച്ചാല്‍ അത് രണ്‍ജി പണിക്കരുടെ അഭിനയം തന്നെയാണെന്ന് കണ്ണുംപൂട്ടി പറയാം.
‘ജെറിയും മറ്റുള്ള അഭിനേതാക്കളും’
ജെറിയായി വേഷമിട്ട നിവിന്‍ പോളി അഭിനയത്തില്‍ പാകത വരുത്തിയിട്ടുണ്ട്. പിന്നില്‍ ആരും താങ്ങാന്‍ ഇല്ലാതെ കയറി വന്ന നടനല്ലേ അയാള്‍ നല്ല നടനായി അയാളും വളരട്ടെ. പിന്നില്‍ ആരും താങ്ങാന്‍ ഇല്ലാതെ അഭിനയ മോഹവുമായി നടക്കുന്ന ആയിരം ചെറുപ്പക്കാര്‍ക്ക് നിവിന്‍ പോളി എന്ന നടന്‍ വലിയൊരു പ്രചോദനമല്ലേ. ജേക്കബിന്‍റെ മക്കളായി വേഷമിട്ട ശ്രീനാഥ് ഭാസിയും മറ്റ് രണ്ടു പേരും അച്ചടക്കമുള്ള അഭിനയം കാഴ്ചവച്ചു. ടി. ജി രവിയുടെ കഥാപാത്രം ഗംഭീരമായിരുന്നു ജേക്കബിനെ പോലെ ഒരു കുലുക്കവും ഇല്ലാത്ത അതി ഗംഭീര അഭിനയം ടി.ജി രവിയിലും പ്രകടമായി. ജേക്കബിന്‍റെ ഭാര്യയായ ഷേര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി രാധാകൃഷ്ണന്‍ എന്ന നടിയും മിക്ക സ്ത്രീ കഥാപാത്രങ്ങളില്‍ നിന്നും വേറിട്ട് നിന്നു. അവരിലെ അഭിനയം അതിന്‍റെ ചന്തം കൂട്ടി.
‘വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ മ്യൂസിക് ടച്ച്’
ഓരോ വിനീത് ശ്രീനിവാസന്‍ സിനിമകളുടെയും വിജയത്തിന് പിന്നില്‍ ഒരു സംഗീത കരസ്പര്‍ശം ഉണ്ട്. നല്ല സൗഹൃദത്തിന്‍റെ സ്നേഹ സ്പര്‍ശം കൂടിയാണത്. മലയാള നിലാവ് ഉള്ള, ഓണ ചന്തമുള്ള ‘തിരുവാവണിരാവ് ‘എന്ന ഗാനം അവിടെ തന്നെ ഇരുന്നു ഒരായിരം തവണ കേള്‍ക്കാന്‍ തോന്നിപ്പോയി. 80-കള്‍ക്കു ശേഷമുള്ള മലയാള സിനിമകളുടെ വസന്തകാലത്ത് പാട്ടുകളാണ് ഏറ്റവും നല്ല വസന്തം തീര്‍ത്തത്. വിനീത് ശ്രീനിവാസന്‍ എപ്പോഴും തന്‍റെ സിനിമയിലേക്ക് അത്തരം ഗാനങ്ങളെ കാര്യമായി പരിഗണിക്കാറുണ്ട്. അത് കൊണ്ട് തന്നെ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ഗാനം തീയറ്റര്‍ സദസ്സില്‍ ഇരുന്നു കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു കോരിത്തരിപ്പ് ആണ് അനുഭവപ്പെട്ടത്. ഷാന്‍ റഹ്മാന്‍റെ പിന്നണി ഈണവും സിനിമയുടെ പൂര്‍ണ്ണ ജീവന്‍ തന്നെയായിരുന്നു
‘മറ്റ് ടെക്നിക്കല്‍ വശങ്ങള്‍’
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം ഇത്ര സൗന്ദര്യത്തോടെ തെളിഞ്ഞതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ജോമോന്‍ ടി.ജോണിന്‍റെ ക്യാമറയാണ്. ദുബായ് തേജസ്സോടെ ആ ക്യാമറയില്‍ തെളിഞ്ഞു നിന്നു. ജോമോന്‍ ടി.ജോണിന്‍റെ ക്യാമറ കണ്ണുകള്‍ ഇത് പോലെയുള്ള നല്ല സിനിമകളെ ഇനിയും തേടി പോകട്ടേ. പരിചയസമ്പന്നനായ രഞ്ജന്‍ എബ്രഹാമിന്‍റെ ചിത്ര സംയോജനവും വേണ്ട വിധത്തില്‍ തന്നെ പ്രവര്‍ത്തിച്ചു. കലാസംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവുമൊക്കെ സ്വര്‍ഗ്ഗ രാജ്യത്തിലെ കയ്യൊപ്പ് ചാര്‍ത്തിയ കാഴ്ചകളായിരുന്നു.
അവസാന വാക്ക്
സിനിമാ ആസ്വാദനം മിക്കപ്പോഴും തീയറ്ററില്‍ കണ്ടു ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കുടുംബവും ഈ ചിത്രം നഷ്ടപെടുത്തരുത്. കാരണം ഈ സ്വര്‍ഗ്ഗ രാജ്യം ആലുവാപ്പുഴ തീരം പോലെ അത്ര മനോഹരമാണ്.
Post Your Comments