
രശ്മി രാധാകൃഷ്ണന്
മലയാളിപ്രേക്ഷകരുടെ മനം കവര്‍ന്ന പുഞ്ചിരിയാണ് അക്ഷര കിഷോര്‍ എന്ന കൊച്ചുമിടുക്കിയുടേത്.സ്വീകരണമുറികളെ കണ്ണീരണിയിച്ച കറുത്ത മുത്തിലെ ‘ബാലമോളെ’ പ്രേക്ഷകര്‍ ഒന്നടങ്കം സ്വന്തമായി ഏറ്റെടുത്തത് ഈ കുരുന്നുപ്രതിഭയ്ക്കുള്ള അംഗീകാരം തന്നെയാണ്.
കണ്ണൂര്‍ സ്വദേശികളായ അക്ഷരയുടെ കുടുംബം ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എറണാകുളത്ത് സ്ഥിരതാമസമാക്കിയത്.ജയസൂര്യ നായകനായ മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിയ്ക്കുന്നത്.പിന്നീടാണ് കറുത്ത മുത്ത് എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്.നിരവധി പരസ്യചിത്രങ്ങളിലും അക്ഷര അഭിനയിച്ചു.
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന ആടുപുലിയാട്ടമാണ് അക്ഷര ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രം.വിഷുവിന് റിലീസ് ആകുന്ന ചിത്രത്തില്‍ ജയറാമിന്റെ മകളുടെ കഥാപാത്രമാണ് അവതരിപ്പിയ്ക്കുന്നത്.ഇതുവരെ എട്ട് സിനിമകള്‍ പൂര്‍ത്തിയാക്കിയ ഈ മിടുക്കി ഭവന്‍സ് ആദര്‍ശവിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന് താമരക്കുളം സംവിധായകനാകുന്ന ‘ആടുപുലിയാട്ടത്തിലൂടെ പ്രശസ്ത നടന് ഓംപുരി മലയാള സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു.അതോടൊപ്പം രമ്യ കൃഷ്ണന്,ഷീലു എബ്രഹാം,രമേശ് പിഷാരടി,പാഷാണം ഷാജി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.രതീഷ് വേഗ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത.ഒരു ഇടവേളയ്ക്ക് ശേഷം മമത മോഹന്‍ദാസ് പാടിയ ഒരു ഗാനവുമുണ്ട്.തൊടുപുഴ,തെങ്കാശി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മികച്ച ഒരു ഹൊറര്‍ ചിത്രമായിരിയ്ക്കും ആടുപുലിയാട്ടം.
അടൂര്‍ ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ ദിലീപ് ചിത്രവും പുതിയ മമ്മൂട്ടി ചിത്രവുമാണ് അക്ഷരയുടെ ഏറ്റവും പുതിയ പ്രോജക്ടുകള്‍.സ്കൂളില്‍ വെക്കേഷന് ആയതുകൊണ്ട് ക്ലാസ് പോകില്ലല്ലോ എന്ന സന്തോഷത്തിലാണ് അക്ഷരയും കുടുംബവും.
Post Your Comments