GeneralNEWS

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന തീയതി തീരുമാനിച്ചു

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ 28നു പ്രഖ്യാപിക്കും. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍, രചന വിഭാഗങ്ങളിലായാണ് അവര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഇത്തവണ ദേശീയ പുരസ്‌കാരത്തിനായി 33 ചിത്രങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. മലയാളത്തില്‍ നിന്നുള്ള എക്കാലത്തെയും സര്‍വകാല റെക്കോഡാണിത്. ഇതില്‍ പത്തിലധികം സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി അന്തിമ പരിഗണനയില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തവണ പുതിയ ഒരു അവാര്‍ഡു കൂടെ 28ന് പ്രഖ്യാപിക്കും. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശം എന്ന അവാര്‍ഡാണിത്. ഓരോ വര്‍ഷം സിനിമയെ ഏറ്റവും അധികം ആഘോഷിക്കുകയും ചര്‍ച്ചയാക്കുകയും ചെയ്യുന്ന സംസ്ഥാനത്തിനാണ് അവാര്‍ഡ് നല്‍കുക. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് പുതിയ ഒരു അവാര്‍ഡു കൂടെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

രമേശ് സിപ്പിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. മലയാളത്തില്‍ നിന്ന് ശ്യാമപ്രസാദാണ് അവാര്‍ഡ് സമിതിയിലുള്ളത്. മലയാളിയായ ജോണ്‍ മാത്യു മാത്തനും മഹാരാഷ്ട്രയെ പ്രതിനിധികരിച്ച് സമിതിയിലുണ്ട്. 308 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനെത്തിയത്. ഇതില്‍ പ്രദേശിക ജൂറി കണ്ട് അവയില്‍ നിന്ന് തിരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് പ്രധാന ജൂറിക്ക് മുന്നിലേക്ക് എത്തുന്നത്. ഇതില്‍ പത്ത് മലയാള ചിത്രങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് 22 ചിത്രങ്ങളും ഇത്തവണയുണ്ട്.

ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നു പരിഗണിക്കുന്ന പ്രധാന ചിത്രങ്ങള്‍ ഒഴിവു ദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, നരോപനിഷത്ത്, കഥ പറയും മുത്തച്ഛന്‍, ബെന്‍, രൂപാന്തരം, പത്രോസിന്റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, ഉണര്‍വ്, ഒരു വടക്കന്‍ സെല്‍ഫി, സു സു സുധിവല്‍മീകം, ഇടവപ്പാതി, കാറ്റും മഴയും, വെളുത്ത രാത്രികള്‍, പ്രേമം, മോഹവലയം, മാലേറ്റം, വലിയ ചിറകുള്ള പക്ഷികള്‍, അമീബ, ഞാന്‍ സംവിധാനം ചെയ്യും, കുമ്പസാരം, നീന, ഇളംവെയില്‍, എന്ന് നിന്റെ മൊയ്തീന്‍, മണ്‍ട്രോതുരുത്ത്, മച്ചുക, നമുക്കൊരേ ആകാശം, നിര്‍ണായകം, ക്രയോണ്‍സ് എന്നിവയാണ്.

പോയ വര്‍ഷം ദേശീയ പുരസ്‌കാരത്തില്‍ മലയാളത്തിന് വേണ്ടത്ര നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ സിനിമയുടെ എണ്ണത്തിലുള്ള വര്‍ധന ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ. ബാഹുബലിയാണ് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിലെ ശ്രദ്ധേയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button