മാർച്ച് 25..വയലാർ ജന്മദിനം.
കൈയ്യിൽ ഒരു ഇന്ദ്രധനുസ്സുമായി “കാറ്റത്ത് പെയ്യാനെത്തിയ തുലാവർഷമേഘമേ കമ്ര നക്ഷത്ര രജനിയിലിന്നലെ കണ്ടുവോ നിങ്ങളെൻ രാജഹംസത്തിനെ”..തന്റെ പ്രിയ മിത്രവും നാടക നടനുമായ വിക്രമൻ നായരുടെ വിയോഗത്തിൽ വയലാർ എഴുതിയ വരികൾ ആണ് വയലാറിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്. മനുഷ്യകഥാനുഗായികളുടെ പാട്ടുകാരാനാണ് വയലാർ രാമവർമ്മ, കവിതയിലായാലും ചലച്ചിത്ര ഗാന രചനാ രംഗത്തായാലും.. മനുഷ്യാവസ്ഥകളെപ്പറ്റി അവന്റെ ദുരിതങ്ങളെക്കുറിച്ച് ഈശ്വരനോട് പോലും ചോദ്യങ്ങൾ ചോദിക്കുന്ന, അടിമ കിടത്തിയ ഭാരത പൗരൻ ഉണരാൻ ആഹ്വാനം ചെയ്യുന്ന, അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്ക് സ്നേഹമെന്ന് ചോദിച്ച് അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേ എന്നെഴുതി മലയാളിയെ ചിരിപ്പിച്ച, കാമുകിയോട് നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ എന്ന് കാമുകനെക്കൊണ്ട് ചോദിപ്പിക്കുന്ന വയലാർ തന്നെയാണ് താടകയെ ദ്രാവിഡ രാജകുമാരിയാക്കി നമ്മുടെ അത് വരെയുള്ള ചരിത്രത്തെയും പുരാണ ബോധത്തെയും പൊളിച്ചു കളയുന്നത്..
ആത്മാവിലൊരു ചിതയിലെ നാലു വയസ്സ് കാരനായ കുട്ടിയുടെ ദു:ഖം ഇന്നും മലയാള കവിതാസ്വാദകരുടെ കണ്ണ് നനയിപ്പിക്കുന്ന അനുഭവമാണ്.. അച്ഛൻ മരിച്ചത് ആലപ്പുഴക്ക് പോയ പോലൊരു തോന്നലാണ് എന്ന് കരുതി തന്റെ ചന്ദന പമ്പരം തേടി നടന്ന കുട്ടി ഇന്നും ഓർമ്മയിൽ.. മനുഷ്യന്റ സർഗ്ഗ വൈഭവത്തിലും കഴിവിലും അപാരമായ വലിയ വിശ്വാസമായിരുന്നു കവിക്ക്. വിശ്വ വിജയത്തിന് തന്റെ കുതിരയെ വിട്ടയ്ക്കുന്ന കവി ഗോളങ്ങളെയെടുത്ത് അമ്മാനമാടുന്ന വിദ്യുല്ലതികകൾ കൊളുത്തുകയും കെടുത്തുകയും ചെയ്യുന്ന വിശ്വമാനവനെ സ്വപ്നം കാണുന്നുണ്ട്.
ഹിമാലയത്തിന്റെ മുകളിൽ കയറി നിൽക്കുന്ന മനുഷ്യനെ കണ്ട് “ധൂമില ദിങ്ങ് മുഖ ദേവാലയ പൂമുഖത്ത്….” എത്തിയ യഹോവ മനുഷ്യന്റെ കഴിവിൽ വിഷണ്ണനാകുന്നുണ്ട്… സംസ്കൃതത്തിലും പുരാണങ്ങളിലും വേദോപനഷിത്തുകളിലും ഉള്ള തന്റെ അപാരമായ ജ്ഞാനം വയലാർ രചനകളിൽ കാണാം.. ശുദ്ധ കവിതയുടെ മേഖലയിൽ നിന്ന് സിനിമ ലോകത്തെ കൃത്രിമത്വങ്ങളിലേക്കും ആർഭാടത്തിലേക്കും കടന്നു ചെന്നപ്പോൾ വയലാറിന്റെ സർഗ്ഗ ചൈതന്യവും വിപ്ലവ വീര്യവും ചോർന്നു പോയി എന്നൊരു വിമർശനം പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട് .തുടരുക സഖാക്കളെ കാലിൽ കിലുങ്ങുന്ന തുടലുകൾ നോക്കുക നിങ്ങൾ തുടരുക… തുടരുകീമോചന യുദ്ധം ഇങ്ങനെ കവിതയിൽ ആഹ്വാനം ചെയ്യുന്ന കവി സിനിമയിൽ ഗാനമെഴുതി പ്രകൃതിച്ചുമരുകളോളം സർഗ്ഗ പ്രതിഭ ഉയരണം എന്ന് ആഗ്രഹിക്കുമ്പോൾ എവിടെയായാലും തന്റെ പക്ഷം എതാണെന്ന് വ്യക്തമാക്കുന്നതായി കാണാം…
ഇവിടെ കവിതക്ക് നഷ്ടമായത് സിനിമാ ഗാന രംഗത്തിന് നേട്ടമായി ഭവിക്കയാണ് ഉണ്ടായത്.. മലയാള ചലച്ചിത്ര ഗാനരംഗത്ത് കവിതയുടെ വാസന്ത വർണ്ണങ്ങൾ തീർത്ത അത്ഭുതമായിരുന്നു വയലാർ. ദേവദേവനായ ഇന്ദ്ര ശാപമേറ്റ് ഗന്ധർവൻമാർ മനുഷ്യരായി ഭൂമിയിൽ ജനിക്കുമത്രേ. വയലാറും ചിലപ്പോൾ അങ്ങനെ ആയിരിക്കും. രണ്ടു വാക്കുകൾ കൂടി ചേരുമ്പോൾ മൂന്നാമതൊരു വാക്കിന് പകരമൊരു നക്ഷത്രം സൃഷ്ടിക്കുന്ന ആ സിദ്ധി കേവലം മനുഷ്യ സാധ്യമായ ഒന്നല്ലല്ലോ. മലയാള കവിതാരംഗത്തെ ഒരേയൊരു കുട്ടൻ തമ്പുരാന് പ്രണാമങ്ങൾ..
Post Your Comments