GeneralNEWS

വി.ഡി രാജപ്പന്‍ അന്തരിച്ചു

കോട്ടയം : പ്രശസ്ത കാഥികനും നടനുമായ വി.ഡി രാജപ്പന്‍ (70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ഹാസ്യകഥാപ്രസംഗത്തിലൂടെ ശ്രദ്ധേയനായി.

കോട്ടയത്താണു ജനനം. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പന്‍ പിന്തുടര്‍ന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ചത് ശ്രോതാക്കളെ ആകര്‍ഷിച്ചു.

മലയാള സിനിമാഗാനങ്ങളുടെ പാരഡികള്‍ അടങ്ങിയ കഥാപ്രസംഗങ്ങള്‍ ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ഇവ ശ്രവണകാസറ്റുകളായും വില്‍ക്കപ്പെട്ടിട്ടുണ്ട്. കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്.

shortlink

Related Articles

Post Your Comments


Back to top button